നേരിൻറെ വിപ്ലവ നായകൻ

നേരിൻറെ വിപ്ലവ നായകൻ

വിമർശനങ്ങളെയും ആരോപണങ്ങളെയും കൂസാത്ത നേരിന്റെ നന്മയുടെ രാഷ്‌ടീയം , കറയറ്റ ഇടതുപക്ഷ സഹയാത്രികൻ, വ്യവസായ, കായിക വകുപ്പ് മന്ത്രി ശ്രീ . ഇ .പി . ജയരാജനുമായി യുണീക്‌ ടൈംസിനു വേണ്ടി ഡോ .അജിത് രവി നടത്തിയ അഭിമുഖം.

നിരവധി ആരോപണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സ്വന്തം നിലപാടിൽ ഉറച്ചുനിന്നിട്ടുള്ള ഒരു രാഷ്ട്രീയ നേതാവാണ് താങ്കൾ. ആ നിലപാടെടുക്കാൻ അങ്ങയെ തുണച്ചിട്ടുള്ള കാര്യം എന്താണെന്ന് പറയാമോ ?

യാഥാർഥ്യങ്ങൾ തെളിയിക്കപ്പെടും എന്നുള്ളതാണ് വാസ്തവം. കമ്മ്യൂണിസ്റ്റുകാർ എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരും പരമാവധി തെറ്റുചെയ്യാത്തവരുമാണ് . ഈ സവിശേഷത ഞങ്ങളുടെ ദൈനംദിനജീവിതത്തിലും രാഷ്ട്രീയപ്രവർത്തനത്തിലുമുണ്ട് . അതുകൊണ്ട് പരമാവധി തെറ്റുകൾ സംഭവിക്കാതെ പോകുന്നു . ഏതെങ്കിലുമൊരു രാഷ്ട്രീയ വിരോധം വച്ചുകൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുകയും രാഷ്ട്രീയത്തിൽ വ്യക്തിഹത്യയോ രാഷ്ട്രീയഹത്യയോ നടത്താൻ ശ്രമിക്കുന്നവരുണ്ടാകാം , അത്തരത്തിലുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടും . ഞങ്ങൾ പെർഫെക്റ്റ് ആണ്. അതുകൊണ്ട് ഏതൊരു ആരോപണത്തെയും വിമർശനത്തെയും സത്യസന്ധമായി നേരിടാൻ ഒന്നിനെയും ഭയക്കേണ്ടതില്ല.

E.P.Jayarajan
E.P.Jayarajan

ഇന്നുള്ള രാഷ്ട്രീയ നേതാക്കളിൽ മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ഒരു നേതാവാണ് താങ്കൾ , ഈ രീതികൊണ്ട് താങ്കളക്ക് വ്യക്തിവൈരാഗ്യങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ?

വ്യക്തിഗതമായ താൽപര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്നവർക്ക് മാത്രമേ ഇത്തരം പ്രശ്നങ്ങളിൽ പ്രതികൂലമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുള്ളു .ഞാൻ വ്യക്തിഗത താൽപര്യങ്ങൾക്കു മുൻഗണന നൽകുന്നില്ല. പൊതുതാൽപര്യങ്ങൾക്കാണ് ഞാൻ അപ്പോഴും മുൻഗണന നൽകുന്നത്. പൊതുതാൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വ്യക്തിതാൽപര്യങ്ങക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നിരാകരിക്കപ്പെടുന്നു . അതുകൊണ്ട് മുഖം നോക്കാതെ കാര്യങ്ങൾ തുറന്നുപറയാൻ എനിക്ക് സാധിക്കുന്നു . എൻറെ ലക്ഷ്യവും മാർഗ്ഗവും സത്യസന്ധമാണെങ്കിൽ എനിക്ക് ഒന്നിനേയും പേടിക്കേണ്ടതില്ല..

പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുവാൻ കേന്ദം തീരുമാനിച്ചിട്ടുണ്ട് . അതുപോലെ നമ്മുടെ സർക്കാരും ഭാവിയിൽ പുതുതലമുറയ്ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ തീരുമാങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ ?

ന്യൂജനറേഷനെ മുന്നിൽകണ്ടുകൊണ്ടാണ് പുതിയ പദ്ധതികളെല്ലാം തീരുമാനിച്ചിരിക്കുന്നത് ,കഴിഞ്ഞ നൂറ്റാണ്ടുകളിലേതുപോലുള്ളതല്ല ഈ നൂറ്റാണ്ടിലെ പ്രവർത്തനങ്ങൾ ,പുതിയ സാഹചര്യങ്ങൾ വളർന്നുവരികയാണ്. ശാസ്ത്രരംഗത്തും വലിയ കുതിപ്പാണ് സംഭവിക്കുന്നത് , പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയാണ് , ഇങ്ങനെയുള്ള സാഹചര്യത്തിൽ ഈ മാറ്റങ്ങൾ മനുഷ്യൻറെ ജീവിതരീതിയിലും നാടിൻറെ വികസനത്തിലും വലിയരീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് , അതുകൊണ്ട് ശാസ്ത്രീയമായ നിഗമനങ്ങളിലൂടെ നാടിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ട് . എന്നാൽ ഇത്തരം കാലഘട്ടത്തിൽ തന്നെ ഈ വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രത്തെ , അതിന്റെ അഭിവൃദ്ധിയെ, ബുദ്ധിപരമായ കണ്ടെത്തലുകളെയും മനുഷ്യൻ നേടിയിട്ടുള്ള നേട്ടങ്ങളെയും പൂർണ്ണമായും നിരാകരിച്ചുകൊണ്ട് വളർച്ചയെ പിന്നോട്ടെടുപ്പിക്കാനും ആശയപരമായി ദുർബ്ബലപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളും ഈ പ്രപഞ്ചത്തിലുണ്ട് . അതിന്റെ പ്രധാന ഉറവിടം സാമ്രാജ്യത്വ ശക്തികളാണ് . പുരോഗമനപരമായ , വികസനപരമായ , ശാസ്ത്രീയമായ എല്ലാ നടപടികളെയും ഈ പിന്തിരിപ്പൻ പ്രതിലോമശക്തികൾ നിരുത്സാഹപ്പെടുത്തുകയാണ്. ആ പ്രവർത്തനത്തിന്റെ ഫലമായി ഒട്ടനവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ വളർന്നുവരുന്നുണ്ട് എന്നുള്ളതും യാഥാർഥ്യമാണ്, പുതു തലമുറയെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാൽ നമ്മുടെ രാജ്യത്തിൽ അതിവേഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നുള്ളതിൽ തർക്കമില്ല.

EP Jayarajan
E P Jayarajan

കേന്ദ്ര സർക്കാരിന്റെ പുതിയ പോളിസി പ്രകാരം നവസംരംഭകർക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ ? കേരളത്തിലും അത്തരം നടപടികൾ പ്രതീക്ഷിക്കാമോ ?

യഥാർഥത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ , ഒന്നും അനുഭവത്തിൽ വരുന്നില്ല .കർഷകർക്ക് വേണ്ടി ഒരു കാര്യങ്ങളും നടപ്പിലാക്കുന്നില്ല. ഇപ്പൊ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തന്നാൽ ലോകത്തിലാകമാനം വലതുപക്ഷശക്തികൾ ശക്തിപ്രാപിക്കുകയാണ് . മുതലാളിത്വം.സാമ്രാജ്യത്വം എന്നിവ ശക്തിപ്പെടുന്നു . ഇത് ജനങ്ങൾക്കെതിരായിട്ടുള്ള പ്രക്രിയയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി മുതലാളിത്തവളർച്ചയെയും സാമ്രജ്യത്വശക്തികളെയും വളർത്തുവാനും സംരക്ഷിക്കുവാനും അവരുടെ അടിത്തറ വിപുലീകരിക്കാനുമുള്ള നടപടികളാണ് കേന്ദ്രഗവൺമെന്റ് ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്, കേന്ദ്രസർക്കാറിന്റെ ഓരോ നടപടികളും നീരിക്ഷിക്കുകയാണെങ്കിൽ ഇത് വ്യക്തമാണ് . സാധാരണക്കാരായിട്ടുള്ള കൃഷിക്കാരും തൊഴിലാളികളും അടങ്ങുന്ന ജനവിഭാഗത്തിന്റെ ഒരു താല്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. എന്നാൽ വൻകിട കുത്തക മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഇപ്പോൾ വന്നിരിക്കുന്ന ബഡ്‌ജറ്റ്‌ അഞ്ചുകൊല്ലക്കാലം നടപ്പിലാക്കുമ്പോൾ ഇതൊക്കെയാണ് സംഭവിക്കുക . രാജ്യത്ത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മാത്രമല്ല ആൾക്കൂട്ടക്കൊലപാതകങ്ങൾ വർദ്ധിക്കുന്നു ,മതസ്പർദ്ധ വളർത്തുക , കലാപങ്ങളുണ്ടാക്കുക , രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുക ഇങ്ങനെ മതാധിപത്യത്തെ വികസിപ്പിച്ചെടുത്തുകൊണ്ട് രാജ്യത്ത് വർഗീയതയിളക്കിവിട്ട് അധികാരം പിടിച്ചെടുത്ത് അതിന്റെ താൽപര്യങ്ങൾക്കനുസരിച്ച് വലതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ ഇന്ത്യ ഗവൺമെൻറ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ സർക്കാരാകട്ടെ ജനതാല്പര്യങ്ങൾക്കൊപ്പം നിൽക്കുകയാണ് . എല്ലാ പുരോഗമനാശയങ്ങളെയും വികസനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് . ശാസ്ത്രീയമായ എല്ലാ വളർച്ചയേയും മനുഷ്യന്റെ പുരോഗതിക്കുവേണ്ടിയും മനുഷ്യനന്മയ്ക്ക് വേണ്ടിയും ഉപയോഗിക്കുകയാണ് . ഈ നയങ്ങളാണ് ഇന്ന് കേരളത്തിൽ സ്വീകരിച്ചുവരുന്നത്.

E.P.Jayarajan
E.P.Jayarajan

ബന്ധുനിയമന വിവാദം കേരളരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുകയും അത് താങ്കളുടെ രാജിയിലേക്ക് നയിക്കുകയും ചെയ്തിരുന്നല്ലോ ? അത്തരം നിയമനങ്ങൾ നടത്തുമ്പോൾ അത് താങ്കളുടെ സ്വന്തം വകുപ്പിൽ തന്നെ ആയിരുന്നു എന്നത് താങ്കളുടെ ശുദ്ധഗതികൊണ്ടായിരുന്നോ ?
ബന്ധുനിയമനം എന്ന് പറയുമ്പോൾ ഇന്ത്യയിലെ നിയമമനുസരിച്ച് രക്തബന്ധം വേണം . നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് അദ്ദേഹം എൻറെ രക്തബന്ധമല്ല . പിന്നെ മറ്റൊരുകാര്യം റിഹാബ് എന്നുപറയുന്നത് വ്യവസായങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിച്ച് വ്യവസായമന്ത്രിക്ക് റിപ്പോർട്ട് ചെയ്യാൻ ഗവൺമെന്റിനകത്തും പുറത്തുമുള്ള കുറച്ച് ഉദ്യോഗസ്ഥൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു പഠനസമിതിയാണ് . അല്ലാതെ അത് ഉദ്യോഗസ്ഥ നിയമനത്തിനുള്ള സമിതിയാണെന്നത് വെറും തെറ്റിദ്ധാരണമാത്രമാണ്. കേരളത്തിൻറെ മുൻകാലചരിത്രം പരിശോധിച്ചാൽ എപ്പോഴെങ്കിലും ഏതെങ്കിലും പരിശോധനയുടെ ഭാഗമായിട്ട് നിയമിച്ചിട്ടുണ്ടോ ? ഞാനാണ് പതിനേഴുപേരെ നിയമിച്ചത് , പൊതുമേഖലാസ്ഥാപനങ്ങൾ പലതും നഷ്ടത്തിലാണ് , മതിയായ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ അഭാവം ഒരുപരിധിവരെ ഇതിന് കാരണമാണ് . ആ നിയമനത്തിൽ ഒരു തെറ്റും ഇല്ല . ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റിന്റെ പ്രവർത്തകനാണ് ,എന്നെ പാർട്ടി ഏൽപ്പിച്ച ഒരു ചുമതല ഞാൻ നിർവഹിച്ചപ്പോൾ എതിരാളികൾക്ക് എനിക്കും പാർട്ടിക്കും എതിരെ ആക്രമിക്കാൻപറ്റിയ ഒരായുധം ഏൽപ്പിക്കുന്നുവെന്ന കാര്യത്തിൽ എനിക്ക് വീഴ്ച സംഭവിച്ചു എന്നുള്ളത് പരാമർത്ഥമാണ് , അർഹതയുണ്ട് ,യോഗ്യതയുണ്ട് എന്നുവരികിലും ആ നിയമനം ഒഴിവാക്കേണ്ടതായിരുന്നു .ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നേരെയാണ്.

താങ്കളുടെ ഈ വിജയത്തിന് പിന്നിലെ പ്രചോദനം എന്താണ് ?

ജനിച്ചുവളരുന്ന പൊതുസമൂഹം, ചുറ്റുപാടുകൾ , സുഹൃത്തുക്കൾ, കുടുംബപശ്ചാത്തലം , സാമൂഹിക പശ്ചാത്തലം ഇതെല്ലാമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രചോദനമാകുന്ന പ്രധാന ഘടകങ്ങൾ. ഞാനും ഇത്തരമൊരു പശ്ചാത്തലത്തിൽ വളർന്നതുകൊണ്ട് എനിക്കും ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനായി അതിവേഗത്തിൽ പ്രവർത്തനമണ്ഡലത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞു.

EP Jayarajan
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.