പുതിയ ഇളവുമായി സംസ്ഥാന സർക്കാർ: കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇനി പി.പി.ഇ. കിറ്റ് മതി.
പ്രവാസികളുടെ മടക്കയാത്രയ്ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്നും പിന്മാറി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം. കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്.
ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ തീരുമാനാം. വിമാനക്കമ്പനികളോട് കിറ്റ് ലഭ്യമാക്കുന്നതിലുള്ള സാധ്യത തേടും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കനത്ത പ്രതിഷേധത്തിന് ഒടുവിലാണ് തീരുമാനം.
സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ് 19 പരിശോധന നടത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.
എന്നുമുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിക്കുമ്പോളായിരിക്കും പറയുക. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ അന്തിമതീരുമാനം ഉണ്ടാകും.
സൌദിഅറേബ്യയിൽ ആൻറിബോഡി റാപ്പിഡ് പരിശോധനയ്ക്ക് അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സൗദി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.
Photo Courtesy : Google/ images are subject to copyright

