ഫാഷൻവസ്ത്രരൂപകല്പനയിലെ രാജശില്പി ഹരി ആനന്ദ്

ഫാഷൻവസ്ത്രരൂപകല്പനയിലെ രാജശില്പി ഹരി ആനന്ദ്

ഒരാളുടെ വ്യക്തിത്വം അയാളുടെ വസ്ത്രധാരണത്തില്‍ നിന്നും വ്യക്തമാകുന്നു. ഈ വാചകങ്ങള്‍ അന്വര്‍ത്ഥമാക്കി ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഡിസൈനര്‍ ചക്രവര്‍ത്തി ശ്രീ. ഹരി ആനന്ദുമായി യൂണിക് ടൈംസ് സബ് എഡിറ്റര്‍ ഷീജ നായര്‍ നടത്തിയ അഭിമുഖം.
Hari Anand Uniquetimes

ഫാഷന്റെ മാസ്മരിക ലോകത്തേക്ക് കടന്നുവരുവാനുണ്ടായ പ്രചോദനമെന്താണ് ?
വളരെ ചെറുപ്പത്തിലേ തന്നെ ഫാഷന്‍ ഒരു കലയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉദാഹരണത്തിന് എന്നോടാരെങ്കിലും ഡിസൈനര്‍ ആണോയെന്ന് ചോദിച്ചാല്‍ അവരോട് ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണെന്നേ പറയുകയുള്ളൂ. ഫാഷനില്‍ അന്തര്‍ലീനമായ കലയുടെ മൂല്യമാണ് എന്നെ സ്വാധീനിച്ചിരിക്കുന്നത്. ഒരു ഡിസൈനര്‍ നല്ല നിരീക്ഷണപാടവമുള്ള ആളായിരിക്കണം. വളരെ ചെറുപ്പത്തിലേ തന്നെ എനിക്ക് ആ കഴിവുണ്ടായിരുന്നു. കുഞ്ഞിലേ ജംബോ സര്‍ക്കസ്സ്, ഭാരത് സര്‍ക്കസ്സ് തുടങ്ങിയ സര്‍ക്കസ്സുകള്‍ കാണാന്‍ പോകുമ്പോള്‍ താരങ്ങളുടെയും മാനേജര്‍ തുടങ്ങിയവരുടെയും വേഷവിധാനങ്ങള്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. കോട്ടും സൂട്ടും തൊപ്പിയും ബോയും ധരിച്ച സര്‍ക്കസ്സ് അവതാരകനെയാണ് ആദ്യകാലങ്ങളില്‍, അതായത് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ വേഷത്തില്‍ കാണുന്നത്. അന്നത്തെ ട്രപ്പീസ്, സൈക്കിളിംഗ് താരങ്ങള്‍ ഉപയോഗിച്ചിരുന്ന വേഷമാണ് ലെഗ്ഗിന്‍സ്. ഇന്നത്തെ ട്രെന്‍ഡായ ലെഗ്ഗിന്‍സ് എത്രയോമുന്‍പ് സര്‍ക്കസ്സില്‍ ഉപയോഗിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. ആളുകളുടെ വേഷങ്ങളും അതണിയുമ്പോള്‍ അവരിലുണ്ടാകുന്ന മാറ്റങ്ങളും ഞാന്‍ ചെറുപ്പത്തിലേ ശ്രദ്ധിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജാക്കറ്റ്, കെ. കരുണാകരന്റെ ജുബ്ബ ഇവയൊക്കെ എന്നെ ആകര്‍ഷിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു. ഫാഷനിലൂടെ ഒരു വ്യക്തിയില്‍ എന്തെങ്കിലും ചലനങ്ങള്‍ സൃഷിടിക്കുവാന്‍ സാധിച്ചാല്‍ അതൊരു വലിയ കാര്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് ഫാഷന്‍ മേഖലയില്‍ വളരെ ചുരുക്കം കമ്പനികളെ ഉണ്ടായിരുന്നുള്ളു. ലോകത്ത് ഏറ്റവും കൂടുതല്‍ വിപണനസാധ്യതയുള്ള മേഖല ഫാഷന്‍ ആണ്. ഈ തിരിച്ചറിവാണ് ഫാഷന്റെ മാസ്മരിക ലോകത്തേക്ക് കടന്നുവരുവാനുണ്ടായ പ്രചോദനം.
മത്സരബുദ്ധിയോടെ ഒട്ടനവധി ഡിസൈനര്‍മാര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. താങ്കളുടെ അഭിപ്രായത്തില്‍ ഒരു യഥാര്‍ഥ ഡിസൈനറിന് വേണ്ടുന്ന യോഗ്യതകള്‍ എന്തൊക്കെയാണ്?
ഇന്ന് നിരവധി ഫാഷന്‍ ഡിസൈനേഴ്‌സ് ഉണ്ട്. ഫാഷന്റെ സീസണ്‍ മുന്‍കൂട്ടി മനസിലാക്കി പ്രവചനാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം യഥാര്‍ഥ ഫാഷന്‍ ഡിസൈനര്‍. ഫാഷന്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ചാണ് പ്രധാനമായും ചെയ്യുന്നത്. രണ്ട് ഋതുക്കളാണ് ഫാഷനുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒന്ന് വേനല്‍ക്കാലവസ്ത്രങ്ങളും (സമ്മര്‍ ക്ലോത്‌സ് ) രണ്ട് ശൈത്യകാലവസ്ത്രങ്ങളും (വിന്റര്‍ ക്ലോത്‌സ് ). ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശൈത്യകാലം അത്ര കഠിനമല്ല. ഉത്തരേന്ത്യയില്‍ ഒഴികെ ദക്ഷിണേന്ത്യയില്‍ ശീതകാലം ശക്തമല്ലാത്ത സാഹചര്യത്തില്‍ ശൈത്യകാലവസ്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. ഈ സമയത്താണ് വിവാഹവസ്ത്രവിപണി കേന്ദ്രീകരിച്ചുള്ള ബ്രൈഡല്‍ കളക്ഷന് പ്രാധാന്യം കൊടുക്കുന്നത്. ഒരു യഥാര്‍ഥ ഡിസൈനര്‍, സമ്മര്‍ കളക്ഷന്‍ ആണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സീസണ് ആറുമാസം മുന്‍പേതന്നെ, തന്റെ കമ്പനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങളുടെ ഡിസൈനുകള്‍ മുന്‍കൂട്ടി മനസിലാക്കി അതിന്റെ ഡിസൈന്‍ തയ്യാറാക്കി വിപണിയുടെ സ്പന്ദനമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരാളായിരിക്കണം. വസ്ത്രങ്ങളുടെ നിറം തിരഞ്ഞെടുക്കുന്നതും മാതൃക തയ്യാറാക്കുന്നതും സ്വന്തം സൃഷ്ടിയായിരിക്കണം. ഏത് തരം ഡിസൈനായാലും അവരവരുടെ തനതായ ഡിസൈന്‍ മുന്‍കൂട്ടി പ്രവചിക്കുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈനറാണ് യഥാര്‍ഥ ഫാഷന്‍ ഡിസൈനര്‍.
Hari Anand

ഇപ്പോള്‍ സുപരിചിതമായ വാക്കാണ് ‘ഫാഷന്‍ ഹൗസ്.’ എന്താണ് ഫാഷന്‍ ഹൗസ്? അതിന്റെ പ്രവര്‍ത്തനരീതികളെന്തൊക്കെയാണ്?
ഒരു ഫാഷന്‍ ഹൗസ് അഥവാ ഡിസൈനര്‍ ഹൗസ് എന്നത് ആ ഫാഷന്റെ സങ്കല്പങ്ങള്‍ ഒരു തുണിത്തരം തിരഞ്ഞെടുക്കുന്നത്തില്‍ തുടങ്ങി തുണിക്ക് നിറം കൊടുക്കല്‍, വസ്ത്രത്തിന്റെ ഡിസൈന്റെ കോണ്‍സെപ്റ്റ്, വിപണനമുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഒരു കുടകീഴില്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ഒരിടമാണ്. ഒരു ഫാഷന്‍ ഹൗസില്‍ നിന്നും അവരുടെ തനതായ ഉല്‍പ്പന്നം മാത്രമാണ് ലഭ്യമാകുക. ഉദാഹരണത്തിന് റെയ്മോണ്‍ഡ്‌സ് അതൊരു ഡിസൈനര്‍ ഹൗസാണ്. ഒരു ഡിസൈനര്‍ ഹൗസില്‍ നിന്നും പലതരത്തിലുള്ള വസ്ത്രങ്ങള്‍ നമുക്ക് ലഭ്യമാണ്. കൊമേര്‍ഷ്യല്‍ വസ്ത്രങ്ങള്‍, ലക്ഷ്വറി വസ്ത്രങ്ങള്‍ പോലുള്ളവ. ഏതുതരം വസ്ത്രങ്ങളുടെ വിപണിയിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് പ്രസ്തുത ഫാഷന്‍ ഹൗസാണ് തീരുമാനിക്കുന്നത്. ആശയങ്ങൾക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഡിസൈനര്‍, തുണി തിരഞ്ഞെടുക്കുന്നതു മുതല്‍ അത് ഡിസൈനര്‍ ഉല്പന്നമാകുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാവീണ്യം നേടിയ ജോലിക്കാര്‍, കൂടാതെ മാര്‍ക്കറ്റിങ് വിദഗ്ധര്‍, ഉല്പന്നങ്ങള്‍ ഫാഷന്‍ ഹൗസിന്റെ വില്പനശാലകളില്‍ എത്തിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ വൈദഗ്ധ്യമുള്ളവര്‍ എന്നിവയാണ് ഒരു ഫാഷന്‍ ഹൗസിന്റെ പ്രധാനഘടകങ്ങള്‍. ആധുനീകവിനിമയമാര്‍ഗ്ഗങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനങ്ങള്‍ക്കിടയിലെത്തിക്കുകയെന്നതാണ് ഒരു ഫാഷന്‍ ഹൗസിന്റെ പ്രത്യേകത. രണ്ട് സീസണുകളിലും വിപണിയുടെ സ്പന്ദനം മുന്‍കൂട്ടി മനസിലാക്കി പുതിയ ഡിസൈന്‍ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമുള്‍പ്പെടെ ദേശീയഅന്തര്‍ദേശീയ ഫാഷന്‍ മേഖലയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണ് ഫാഷന്‍ ഹൗസിന്റെ പ്രവര്‍ത്തനരീതി. ഫാഷനെ ഗൗരവതരമായി സമീപിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു കമ്പനിയെ മാത്രമേ ഫാഷന്‍ ഹൗസായി കണക്കാക്കാന്‍ സാധിക്കുകയുള്ളു. കോര്‍പറേറ്റ് യൂണിഫോമുകള്‍ ഡിസൈന്‍ ചെയ്യുന്നവ, വെഡിങ് വെയര്‍ മാത്രം ഡിസൈന്‍ ചെയ്യുന്നവ, കാഷ്വല്‍ വെയര്‍ മാത്രം ഡിസൈന്‍ ചെയ്യുന്നവ തുടങ്ങി നിരവധി ഡിസൈന്‍ ഹൗസുകള്‍ ഉണ്ട്. ഇന്ന് ടെക്‌സ്‌ടൈല്‍സ് ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ഫാഷന്റെ മൂലഘടകം ഫാബ്രിക് ആണ്. ഫാബ്രിക് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ഫാബ്രിക്‌സ് ഡിസൈന്‍ ചെയ്യുകയും ഇടക്കിടക്ക് അവയ്ക്ക് അനുയോജ്യമായകാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം. പുതിയ പുതിയ ഡിസൈനുകള്‍ കൊണ്ടുവരണം, ഇങ്ങനെ നിരവധി തലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ഫാഷന്‍ ഡിസൈനിങ്. കൂടാതെ മെന്‍സ് വെയര്‍ ആയാലും വുമെന്‍സ് വെയര്‍ ആയാലും അതിനാവശ്യമായ അക്‌സസറീസ് ഉണ്ടാക്കണം. പണ്ട് നാണം മറയ്ക്കാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന വസ്ത്രധാരണരീതിയല്ല ഇന്നുള്ളത്. ഓരോരോ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനുയോജ്യമായ വസ്ത്രങ്ങളാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. ഇവിടെയാണ് ഒരു ഫാഷന്‍ ഹൗസിന്റെ ആവശ്യകത.
Hari Anand Uniquetimes

ഫാഷന്‍ ഡിസൈനിങ് എന്ന വാക്കിനെ വിവരിക്കുകയാണെങ്കില്‍?
പണ്ടുമുതലേ വസ്ത്രങ്ങള്‍ ശരീരം മറയ്ക്കാനും, കാലാവസ്ഥയെ പ്രതിരോധിക്കാനുമായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ ഡിസൈന്‍ നോക്കിയാണ് ഉപയോഗിക്കുന്നത്. രണ്ട് കാര്യങ്ങളാണ് ഡിസൈന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത്. ഒരു വ്യക്തിയെ കാണുമ്പോള്‍ തന്നെ അദ്ദേഹത്തെ മനസിലാക്കാന്‍ കഴിയണം. ഒറ്റ നോട്ടത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ ചിന്താഗതി, കാഴ്ചപ്പാട് ഇതൊക്കെ അദ്ദേഹത്തിന്റെ വസ്ത്രധാരണരീതിയിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. വിവിധനാടുകളില്‍ നിന്നും വരുന്നവരെ അവരുടെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഉദാഹരണത്തിന്, അമേരിക്ക, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്തിന് ഇന്ത്യയിലെ തന്നെ ഓരോ സംസ്ഥാനത്തിനും തനതായ വസ്ത്രധാരണ രീതികളുണ്ട്. ചിലരുടെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടും. ആ വേഷത്തിന്റെ കുലീനത്വം കാരണമാണ് അവര്‍ എടുത്തുകാണിക്കപ്പെടുന്നത്. ആ വേഷവിധാനത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്ന നൂതനവും ആകര്‍ഷകവുമായ നിലപാടുകളുമാണ് അവരെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അത് ഒരു ഡിസൈനര്‍ വസ്ത്രമാണെന്നതില്‍ സംശയമുണ്ടാകില്ല. മറ്റുള്ളവരില്‍ നിന്നും നമ്മളെ വ്യത്യസ്തനാക്കുന്ന പ്രഥമഘടകം. നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് നമ്മുടെ ഉപബോധമനസാണ്. ലോകം എന്നത് ഒരു വായനശാലപോലെയാണ്. ഒട്ടനവധി പുസ്തകങ്ങളില്‍ നിന്നും നമുക്കിഷ്ടപ്പെട്ടവ തെരഞ്ഞെടുത്ത് വായിക്കാന്‍ മനസ്സ് പ്രേരിപ്പിക്കുമ്പോലെയാണ് ഒട്ടനവധി വസ്ത്രശേഖരങ്ങളില്‍ നിന്നും നമുക്കനുയോജ്യവും നമ്മെ വ്യത്യസ്തനാക്കുന്നതുമായ വസ്ത്രം തെരഞ്ഞെടുക്കുക എന്നത്. ഒരാളിന്റെ വസ്ത്രധാരണത്തില്‍ നിന്നും അയാളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കുമെന്നുള്ളതാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവിടെയാണ് ഫാഷന്‍ ഡിസൈനിങ് എന്ന വാക്കിന്റെ പ്രസക്തി.
താങ്കളുടെ ഡിസൈനുകള്‍ വ്യത്യസ്തവും വൈവിധ്യവുമുള്ളതാണ്. അത്തരം ഡിസൈനുകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്?
എന്റെ ഡിസൈനുകളുടെ അടിസ്ഥാനം എല്ലാം തന്നെ എന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. എന്നെ ഏറ്റവുംകൂടുതല്‍ സ്വാധീനിച്ചിരിക്കുന്നത് പ്രകൃതിയാണ്. ആകാശത്തിന്റെ നിറം, മേഘപാളികളുടെ നിറവ്യത്യാസം, പൂക്കളുടെ നിറങ്ങള്‍, പൂക്കള്‍ക്കുള്ളിലെ നിറഭേദങ്ങള്‍, വ്യത്യസ്തങ്ങളായ ഇലകളുടെ നിറങ്ങള്‍ ഇവയൊക്കെ എന്നെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്റെ ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ ഇതൊക്കെ ഉള്‍ക്കൊള്ളുന്നത്. ഞാന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഉള്‍പ്പെട്ടിരിക്കുന്ന ശ്രേണി, വ്യക്തിത്വം, അവര്‍ പ്രൊജക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങി പല പല വിഷയങ്ങള്‍ എന്റെ മനസിലൂടെ കടന്ന് പോയിട്ടാണ് ഞാന്‍ ഒരു ഡിസൈന്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഡിസൈനുകള്‍ അതുല്യവും മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തവുമായിരിക്കും.
കൂടാതെ എന്റെ ഡിസൈനിങ്ങിനില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങള്‍ക്കുള്ള പ്രത്യേകതയെന്തെന്നാല്‍ അതൊരിക്കലും ഒരു ”ട്രാഫിക് ലൈറ്റ്” അല്ല. ട്രാഫിക് ലൈറ്റ് എന്നുപറഞ്ഞാല്‍ പെട്ടന്ന് കണ്ണില്‍ കുത്തിക്കൊള്ളുന്നതരത്തിലുള്ള ഒരു സമ്പ്രദായത്തിലുള്ളതല്ല. അതല്ലെങ്കില്‍ എന്റെ വസ്ത്രം ധരിക്കുന്ന ഒരു വ്യക്തി ഒരു ക്രിസ്തുമസ് ട്രീ പോലെ അത്യാകര്‍ഷകമല്ല. വസ്ത്രങ്ങള്‍ ഇളങ്കാറ്റ് പോലെയായിരിക്കണം. കാറ്റിനെ നമ്മള്‍ അറിയുമ്പോള്‍ കിട്ടുന്ന സുഖം പറഞ്ഞറിയിക്കുന്നതിനേക്കാള്‍ അനുഭവിച്ചറിയണം. നല്ലൊരു ഡിസൈനര്‍വസ്ത്രം ഒരു തെന്നല്‍പോലെയാണ്. അത് നമ്മളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ തിരിഞ്ഞുനോക്കും. ഞാന്‍ അതണിയുന്നവരുടെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കണ്ണില്‍ കുത്തുന്ന നിറങ്ങളേക്കാള്‍ മനസ്സിനും കണ്ണിനും കുളിര്‍മയേകുന്ന നിറങ്ങളോടാണ് എനിക്ക് താല്‍പര്യം. ഞാന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന ആളിന്റെ പേഴ്സണാലിറ്റി ഹൈലൈറ്റ് ആകുന്ന തരത്തില്‍ കളര്‍കോമ്പിനേഷന്‍, ഫിനിഷിങ്, എംബ്രോയിഡറി വര്‍ക്ക്, ഉപയോഗിച്ചിരിക്കുന്ന ബട്ടണ്‍പോലും ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ഫാഷന്റെ വാല്യൂ അതിന്റെ ആര്‍ട്ടിസ്റ്റിക് ഏക്‌സ്‌പ്രെഷനിലാണ്. ഞാന്‍ പറഞ്ഞതുപോലെ നമ്മള്‍ തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്കനുസരിച്ചാണ് ഡിസൈന്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ഒരു എംബ്രോയിഡറി വര്‍ക്കിന്റെ ഒരു കുഞ്ഞുഫ്ലവർ ഡിസൈന്‍ പോലും കൃത്യമായി അവതരിപ്പിക്കുമ്പോഴാണ് ആ വസ്ത്രത്തിന്റെ എനര്‍ജി വെളിവാകുന്നത്. രാജഭരണം നിലനില്‍ക്കുന്ന സമയത്തായിരുന്നു ഇന്ത്യ റിപ്പബ്ലിക്കാകുന്നത്. ഇന്ത്യയില്‍ എല്ലാവരും വിവാഹത്തിന് എന്നും ഒരു മഹാറാണി മഹാരാജ ലുക്കാണ് ഇഷ്ടപ്പെട്ടിരുന്നത്. നല്ല തിളക്കമുള്ള വസ്ത്രങ്ങള്‍, നിറയെ ആഭരണങ്ങള്‍, മെഹന്തി, എടുത്തുകാണിക്കുന്ന മേക്കപ്പ് എന്നിവയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഒരു യൂറോപ്യന്‍ വധുവിന്റെ വേഷവിധാനങ്ങള്‍ നോക്കിയാല്‍ വളരെലളിതവും അതോടൊപ്പം സൗകുമാരികവുമുള്ളതാണ്. എടുത്തുകാണിക്കുന്ന മേക്കപ്പോ ആഭരണങ്ങളോ ഇല്ല. വധുവായിരിക്കും ആകര്‍ഷണകേന്ദ്രം. വധുവിന്റെ സൗന്ദര്യം എടുത്തുകാണിക്കുന്നതിന് വേഷവിധാനങ്ങള്‍ സഹായിക്കുന്നു. ഇതാണ് ആര്‍ട്ടിസ്റ്റിക് എക്‌സ്‌പ്രെഷന്‍ എന്ന് പറയുന്നത്. അതായത് വസ്ത്രം ധരിക്കുന്ന വ്യക്തിയെയാണോ അതല്ലെങ്കില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെയാണോ ഹൈലൈറ്റ് ചെയ്യുന്നതെന്നത്.
വിവാഹസവസ്ത്രസങ്കല്പങ്ങളെത്തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ഡിസൈനുകളിലുള്ള വസ്ത്രശേഖരമാണ് താങ്കളുടെ ബ്രൈഡല്‍ കളക്ഷന്‍. ഡിസൈനിങ്ങില്‍ സമാനതകളില്ലാത്ത ഈ പ്രത്യേകത കൊണ്ടുവരുന്നതെങ്ങനെയെന്ന് വിശദമാക്കാമോ?

ജീവിതത്തില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വിവാഹം. വിവാഹവസ്ത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ പല കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വധുവിന്റെ അല്ലെങ്കില്‍ വരന്റെ ഭാവി പങ്കാളിയുടെ (ജോലി, സോഷ്യല്‍ സ്റ്റാറ്റസ്, കുടുംബപശ്ചാത്തലം, കുലീനത്തം അങ്ങനെ പല ഘടകങ്ങളും സമന്വയിപ്പിച്ച് വസ്ത്രധാരണത്തിലൂടെ എടുത്തുകാട്ടാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു രാഷ്ട്രീയരംഗത്തുള്ള ആളിന്റെ വസ്ത്രധാരണരീതിയായിരിക്കില്ല ഒരു സിനിമ മേഖലയിലുള്ളയാള്‍ക്കോ, വക്കീലിനോ ഉണ്ടാകുന്നത്. ഒരാളിന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും വെളിവാക്കുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനാണ് ഞാന്‍ ഊന്നല്‍കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ തീമാറ്റിക് വെഡിങ് ആണ് ട്രെന്‍ഡ്. അത് അനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളും വധുവിന്റെ വസ്ത്രത്തിന് യോജിക്കുന്നതരത്തിലുള്ളതായിരിക്കും. വധുവണിയുന്ന ആഭരണങ്ങള്‍, മുടിയുടെ നിറം, ഹെയര്‍സ്‌റ്റൈല്‍ ഇവയൊക്കെ ഭാഗഭാക്കാണ്. ഒരു പൂന്തോട്ടത്തില്‍ വിടര്‍ന്നുനില്‍ക്കുന്ന റോസാപൂക്കളെ പോലെയാണ്, നിറങ്ങളില്‍ അല്പസ്വല്പവ്യത്യാസങ്ങളുണ്ടെങ്കിലും അസാധാരണമായ ഒരു വര്‍ണ്ണ ഭേദങ്ങളുണ്ടായാലും ഐക്യതയുണ്ടാകും. ഒരു വിവാഹസത്കാരത്തിന് വിളമ്പുന്ന വിഭവങ്ങളുടെ വൈവിധ്യങ്ങള്‍ കൂടാതെ ഫോട്ടോഗ്രാഫിക്കുപയോഗിക്കുന്ന രംഗസജ്ജീകരണങ്ങള്‍വരെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഞാന്‍ കോര്‍ത്തിണക്കാറുണ്ട്. വരന്റെയും വധുവിന്റെയും, കൂടാതെ അവരുടെ മാതാപിതാക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവരണിയുന്ന വസ്ത്രങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് ആധുനീക വിവാഹവസ്ത്രങ്ങള്‍ ഒരുക്കുന്നത്. ഞാന്‍ തയ്യാറാക്കുന്ന വസ്ത്രങ്ങള്‍ അണിയുന്ന വരന്റെയായാലും വധുവിന്റെയായാലും വസ്ത്രങ്ങള്‍ അവരുടെ വ്യക്തിത്വത്തെ എടുത്തുകാണിക്കുന്ന തരത്തിലുള്ളതാണ്.
താങ്കളുടെ കുടുംബത്തേക്കുറിച്ച്?
ഞാൻ എറണാകുളം ജില്ലയിലെ കാക്കനാട് തേവയ്ക്കൽ എന്ന കൊച്ചുഗ്രാമത്തിലാണ് താമസം. ഭാര്യ രണ്ട് മക്കൾ എന്നിവരടങ്ങിയതാണ് എന്റെ സന്തുഷ്ടകുടുംബം
Hari Anand

Hari Anand

Hari Anand Uniquetimes

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.