പാമ്പിനെ കണ്ടാൽ ഇനി ഭയപ്പെടേണ്ടതില്ല; സര്‍പ്പ’ ആപ്പുമായി വനംവകുപ്പ്.
ജനവാസകേന്ദ്രങ്ങളില്‍ പാമ്പുകളെ കാണുമ്പോള്‍ ഇവയെ പിടിയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. ജനങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുകളെ ലഘൂകരിച്ച് നല്‍കിയിരിയ്ക്കുകയാണ് വനംവകുപ്പ് ആവിഷ്കരിച്ച ‘സര്‍പ്പ’ ആപ്പ് (സ്നേക്ക് അവയര്‍നെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷന്‍).
നമുക്കിടയിലേക്കു എത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവരുടെ ആവാസവ്യവസ്ഥയില്‍ എത്തിക്കാനും പൊതുജനങ്ങള്‍ക്ക് സുരക്ഷതീര്ക്കാനുമായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് സര്‍പ്പ’ ആപ്പ്. പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും. ആ മേഖലയിലേക്ക് ഉള്ള സന്നദ്ധ പാമ്പുപിടുത്ത പ്രവര്ത്തകന് ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയില്‍ വിട്ടയക്കുകയും ചെയ്യും.
പാമ്പുകളെ കൊല്ലാതിരിയ്ക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പ് കടിയേറ്റാല്‍ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോണ്‍ നമ്പര്‍ സഹിതമുളള വിവരങ്ങള്‍, പരിശീലനം ലഭിച്ച പാമ്പ് പിടുത്ത പ്രവര്‍ത്തകര്‍, അതത് സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകള്‍, അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.
ആപ്പിന്റെ പ്രവര്‍ത്തനം താമസിയാതെ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ഈ സര്‍ക്കാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
Photo Courtesy : Google/ images are subject to copyright