ഹോങ്കോങ്ങ് യാത്രാവിശേഷങ്ങൾ

ഹോങ്കോങ്ങ്   യാത്രാവിശേഷങ്ങൾ

ഞങ്ങൾ ഹോങ്കോങ്ങിലെ  മാഡം ടുസാട്സ്  മെഴുക് പ്രതിമ മ്യൂസിയം കണ്ടശേഷം  ആറ് മണിയോടെ അവിടെ നിന്നും മടങ്ങി. ബസ്സിലിരിന്ന് താഴ്വാരത്തിലേക്ക് നോക്കുമ്പോൾ  ഭംഗിയുള്ള ബൾബുകൾ  പ്രകാശിക്കുന്ന മനോഹരമായ വീഥികളും, ജംബോ  പാർക്കും താഴ്വാരത്തിലൂടെ  ഡബിൾ ഡക്കർ  ബസ്സുകൾ  പോവുന്നതും നയനാന്ദകരമായ കാഴ്ചകളാണ്. ഹോംകോങ്ങിൽ മുഴുവനും ഡ്രാഗൺ  ശില്പ്പങ്ങളാണ്. ചൈനാക്കാരുടെ ഐതിഹ്യമനുസരിച്ച് ഡ്രാഗൺ  ശരിയുടെ പ്രതീകമാണ്.അത് കൊണ്ട് ഏതൊരു  മൃഗത്തിന്റെയും തലയുടെ കീഴെ ഡ്രാഗണ്ന്റെ ഉടൽ സ്ഥാപിക്കും.

ഹോംകോങ്ങിനെ ചൈനയോട് അടുപ്പിച്ച് നിർത്തുവാനായി  ചൈന കുറെയധികം സഹായങ്ങൾ ഹോംകോങ്ങിന് ചെയ്ത് കൊടുക്കുന്നുണ്ട്. പാലങ്ങളും റോഡുകളും ക്ഷേത്രങ്ങളും ഒക്കെ പണിത് കൊടുക്കുകയും ജനതയ്ക്ക് ആവശ്യമായ പച്ചക്കറികളും മത്സ്യവും വെള്ളവും ചൈനയാണ് നല്കുന്നുണ്ട്. ടൈഫൂൺ  സമയത്ത് ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ ആസ്ത്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷണം ഇറക്കുമതി ചെയ്തിരുന്നത്. ഇത്തരം കാലഘട്ടത്തെ അതിജീവിക്കാനാണ് അവർ കടലിനടിയിലൂടെ  തുരങ്കങ്ങളുണ്ടാക്കി റോഡുകൾ  നിർമ്മിച്ചിരിക്കുന്നത്.

അന്നത്തെ  അത്താഴം  ഞങ്ങൾ കഴിച്ചത്  ഇന്ത്യൻ  ഹോട്ടലിൽ നിന്നാണ്. ഫ്രൈഡ് റൈസും,മറ്റു വിഭവങ്ങളും ഉണ്ടായിരുന്നു. ഭക്ഷണത്തിന് രുചി കൂട്ടുവാനെന്നോണം നല്ല വാദ്യമേളങ്ങളോടെ ഇന്ത്യയിലെ ഗായകരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. പക്ഷെ രാവിലെ മുതലുള്ള യാത്രയിൽ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നതിനാൽ ശ്രുതിമധുരമായ ഗാനങ്ങൾ  ആസ്വദിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഞങ്ങൾ . ഭക്ഷണം കഴിഞ്ഞതും റൂമിലെത്തി സുഖനിദ്രയിലാണ്ടു.

ഞങ്ങളുടെ യാത്രയിലുടനീളം എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരാൾ  ഉണ്ടായിരുന്നു. സുചീന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.  അദ്ദേഹം നമ്മോടൊപ്പം കൂട്ടം ചേർന്ന് നടക്കില്ല. അവിവാഹിതനാണ്. ഇടയ്ക്കിടയ്ക്ക് ആള്  കൂട്ടത്തിൽ നിന്നും കാണാതാകും. പ്രായമുള്ള ആളായതിനാൽ ടൂർ മാനേജർക്ക് എല്ലായ്പോഴും  ബുദ്ധിമുട്ടാണ്. തലേദിവസവും അദ്ദേഹത്തെ കാണാതെ പോയത് കൊണ്ട്, ഞങ്ങളുടെ ഹോംകോങ്ങ് ഡിസ്നിലാന്റിലെ കാഴ്ചകൾ  ടൂർ പ്രോഗ്രാമിൽപ്പെടാത്തതായതിനാലും എന്റെ മക്കളെ ഏല്പ്പിച്ചിട്ട് ടൂർ മാനേജർ വിശ്രമിക്കുകയാണെന്ന് അറിയിച്ചു.

ഞങ്ങൾ  അമേരിക്കയിൽ പോയപ്പോൾ  ഡിസ്നിലാന്റ് കണ്ടിട്ടുള്ളത് കൊണ്ട് വലിയ താല്പര്യമില്ലെങ്കിലും, ടൈഫൂൺ  കാരണം ചില സ്ഥലങ്ങൾ  നിരോധിതമേഖലയാക്കിയതിനാൽ വിനോദസഞ്ചാരത്തിലെ ചാർട്ട് അനുസരിച്ച് പ്രോഗ്രാമുകൾ കാൻസൽ ചെയ്തിരുന്നതിനാലാണ് ഡിസ്നിലാന്റ് യാത്ര ഗ്രൂപ്പിലുള്ളവർ  ആവശ്യപ്പെട്ടത്. അതിന് വേണ്ട പണമൊക്കെ ഞങ്ങൾ  ഷെയർ ചെയ്യേണ്ടി വന്നു.

രണ്ട് കാറുകളിലായിട്ടാണ് ഞങ്ങൾ അവിടെയ്ക്ക് പുറപ്പെട്ടത് ഞങ്ങളുടെ കാറിന്റെ ഡ്രൈവർ പാക്കിസ്ഥാനിയാണ്. ഞങ്ങൾ  ഇന്ത്യക്കാരെന്ന് അറിഞ്ഞപ്പോൾ  അയാൾ  വളരെ സ്നേഹത്തോടെ നമ്മൾ  ശരിക്കും സഹോദരരാണെന്ന ഭാവേനേ കുറെയേറെ  സംസാരിച്ചു.പുതിയ ഫ്ലാറ്റുകൾ  പണിയുന്നവർ കാർ പാർക്കിംങ്ങ് സൗകര്യത്തോടെയുള്ള ഡ്രോയിംങ്ങ് സർക്കാരിൽ സമർപ്പിച്ചാൽ മാത്രമേ ഹോംകോങ്ങിൽ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി ലഭിക്കുകയുള്ളു. എന്നാൽ പഴയ ഫ്ലാറ്റുകള്ക്ക് പാർക്കിംങ്ങ് സൗകര്യമില്ലാത്തതിനാൽ കാർ വാങ്ങിയാൽ അവ  മറ്റു സ്ഥലത്ത് പാർക്ക് ചെയ്യുവാൻ പണം ചിലവഴിക്കേണ്ടി വരും. അതിനാൽ സാധാരണക്കാർക്ക് വാഹനം വാങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഹോങ്കോങ്ങിലെ റോഡുകളൊക്കെ കണ്ടിരിക്കേണ്ടത് തന്നെയാണ്. ചൈനയുടെ സഹായത്തോടെയാണ് നദിയുടെ അടിയിലൂടെയും മലകളിൽ തുരങ്കങ്ങൾ  ഉണ്ടാക്കിയും വലിയ പാലങ്ങൾ  നിർമ്മിച്ചുമാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.

കുറെ ദൂരം യാത്ര ചെയ്ത് ഞങ്ങൾ  ഡിസ്നിലാൻറിന്റെ കവാടത്തിനരികെ എത്തിച്ചേർന്നു.  ബാഗുകളും മറ്റും ചെക്ക് ചെയ്ത ശേഷം പോലീസ് ഞങ്ങളുടെ ഫോട്ടോകൾ  എടുത്തു. അതിന് ശേഷം അക്രോബാറ്റിക്ക് ഡാൻസ് നടക്കുന്ന സ്ഥലത്തേക്ക് പോയി. അത് കുറച്ച് നേരം ആസ്വദിച്ച ശേഷം മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടിനടുത്ത് എത്തി.  കങ്കാരുവിൻറെ കൂടിനടുത്തായി സന്ദർശകർ ശബ്ദമുണ്ടാക്കരുതെന്ന് എഴുതിയ സൂചനാബോർഡുകൾ  സ്ഥാപിച്ചിരിക്കുന്നത് കണ്ടു. മൃഗങ്ങൾക്കനുയോജ്യമായ  അന്തരീക്ഷം സൃഷ്ടിക്കുവാൻ ധാരാളം വൃക്ഷങ്ങളും ചെടികളും ചെറിയ കുളങ്ങളും ഇടയ്ക്കിടയ്ക്ക് കൂടിനകത്തൊക്കെ ക്രമീകരിച്ചിട്ടുണ്ട്. റെഡ് പാണ്ടേയും ജയൻറ് പാണ്ടേയും സ്വർണ്ണവർണ്ണത്തിലെ കുരങ്ങന്മാരും ഏറെ കൗതുകം പകർന്ന കാഴ്ചയായിരുന്നു.

ഞങ്ങളുടെ യാത്രയിൽ ഇടയ്ക്കിടെ കാണാതെ പോവുന്ന സുചീന്ദ്രൻ സാറും എന്റെ മക്കളും അഡ് വെൻചറസ് റൈഡിൽ കയറി, കുറച്ച് ദൂരം അത് പോയി കഴിയുമ്പോൾ  പിന്നെ റൈഡിലുള്ളവർ തലകീഴായി യാത്ര ചെയ്യുന്നത് കാണാം. ഇതൊക്കെ കണ്ട് ഞങ്ങൾ  പേടിച്ച് വിറച്ച് നില്ക്കുകയായിരുന്നു. അവർ താഴെ വന്നപ്പോഴാണ് ശ്വാസം നേരെ വീണത്. ഞങ്ങളും വലിയ സാഹസമൊന്നുമില്ലാത്ത ഒരു റൈഡിൽ കയറി. അതിന് ശേഷം അഡ് വെൻചറസ് ട്രയിൻ റൈഡിൽ കയറി. അത് വലിയ സ്പീഡിൽ ഉയരത്തിൽ പോയിട്ട്  കുത്തനെ താഴോട്ടൊരു വീഴ്ചയുണ്ട് അത് പോലെ വശങ്ങളിലേക്കും അതൊക്കെ തമാശയായിരുന്നു. ട്രയിൻ ചിലപ്പോൾ  വെള്ളത്തിൽ കൂടെ ചീറിപ്പാഞ്ഞ് പോവുമ്പോൾ  സവാരി ചെയ്യുന്നവരുടെ ആർത്തുല്ലസിച്ചുള്ള ചിരി അതിലും തമാശയായിരുന്നു.

പിന്നീട് ഞങ്ങൾ  പെൻഗ്വിന്റെ  ഐസ് കൂടിനടുത്താണ് പോയത്.കൂടിന്റെ ഒരു ഭാഗത്ത് കൃത്രിമമായി നിർമ്മിച്ചിരിക്കുന്ന മലയും തടാകവും വളരെ ആകർഷകമാണ്. പെൻഗ്വിനിനൊക്കെ മലയുടെ അടിവാരത്തിൽ കൂട്ടത്തോടെ ഇരിക്കുന്നതും അവരുടെ നേതാവ് ഒരാൾ  നടന്ന് തടാകത്തിലിറങ്ങി നീന്തുവാൻ തുടങ്ങിയാൽ നിരനിരയായി മറ്റുള്ളവർ നേതാവിനെ അനുഗമിക്കുന്നത് കണ്ടിരിക്കേണ്ട കാഴ്ച തന്നെയായിരുന്നു. മനുഷ്യൻ സാമൂഹ്യജീവിയായതിനാലാണ് ഒരുമിച്ച് ജീവിക്കുന്നതെന്ന് പറയാറുണ്ട്. ഇവരും അങ്ങിനെയാണോ എന്ന് ഞാൻ ആലോചിക്കയായിരുന്നു. അടുത്തത് നീർനായയുടെ കൂടായിരുന്നു.  വലിയൊരു മുറിയുടെ വലിപ്പത്തിലുള്ള ടാങ്കിലാണ് അതിനെ പാർപ്പിച്ചിക്കുന്നത്. കൂറെ നേരം അവരുടെ നീന്തൽ കണ്ടാസ്വദിച്ചശേഷം താഴെയ്ക്ക് ഇറങ്ങിയപ്പോഴാണ് മനസ്സിലായത് ഇത് ഒരു റൂമിന്റെ വലിപ്പത്തിലെ ഗ്ലാസ് നിർമ്മിതമല്ല. അതിന് രണ്ട് റൂമുകളുടെ അത്രയ്ക്ക് താഴോട്ടും വലിപ്പമുള്ള ഫിഷ് ടാങ്കായിരുന്നുവെന്ന്. അവിടെ രണ്ട് നീർനായകൾ  കളിച്ച് കൊണ്ടിരിക്കുന്നത്  ഹരം പകരുന്ന കാഴ്ചയായിരുന്നു. ഇത്രയും കാഴ്ചകൾ  കണ്ട് കഴിഞ്ഞപ്പോൾ  ഉച്ചഭക്ഷണത്തിന് സമയമായി. രുചികരമായ നല്ല ഇന്ത്യൻഫുഡ് ലഭിച്ചു. വിദേശത്തൊക്കെ ഇന്ത്യൻ ഫുഡിന് വലിയ ഡിമാന്റാണ്.

അതിന് ശേഷം ഞങ്ങൾ  ജെല്ലി ഫിഷിനെ ഇട്ടിരിക്കുന്ന ഹാളുകൾ  സന്ദർശിച്ചു. ജെല്ലി ഫിഷിനെ അതിന്റെ വളർച്ചയനുസരിച്ച് ഓരോരോ ടാങ്കിൽ നിക്ഷേപിച്ചിട്ട് പല നിറത്തിലെ ലൈറ്റുകൾ  കൊടുത്ത് മോടി പിടിപ്പിച്ചിരിക്കുന്നു. നിറങ്ങൾ  മാറി വരുന്നതും കൂടിനകത്ത് ജെല്ലി ഫിഷിന്റെ ഡാൻസും ആ താളത്തിനൊത്ത് പറ്റിയ താളലയങ്ങൾ  അടങ്ങിയ മ്യൂസിക്കും ചെറിയശബ്ദത്തിൽ കൊടുത്തിരിക്കുന്നത് വളരെ കലാബോധത്തോടെയാണല്ലോ എന്ന് ചിന്തിച്ച് പോയി. കുറച്ച് നേരം വിശ്രമിക്കാമെന്നോർത്ത് ഒരു മരത്തണലിൽ ഇരുന്നപ്പോൾ  ഞങ്ങളുടെ കണ്ണിൽ ഒരു ചെറിയ വീടും അവിടെ മരവും മരത്തിന് തൊട്ട് കുളവും അതിലൊക്കെ താറാവും  അതിനരികെ കൂടെ കോഴികളും നടക്കുന്നത് കണ്ടു. ശ്രദ്ധിച്ചു നോക്കിയപ്പോൾ  മരത്തിലൊക്കെ പ്രാവുകളും തത്തയും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത് ചെന്നപ്പോൾ  പഴയകാലവീടുകളെ അനുസ്മരിപ്പിക്കുന്ന മോഡൽ തീർത്തിരിക്കുകയാണ്. സാധാരണവീടുകളിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട വീടും വീടിന്റെ പരിസരവും അന്തരീക്ഷത്തേയും കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ഇത്തരം മോഡൽ വേണ്ടി വരുമെന്ന് തോന്നി. ഏതായാലും നിറയെ ഫ്ലാറ്റുകളും പാലങ്ങളും കൊണ്ട് നിറഞ്ഞ രാജ്യത്ത് ഇതൊരു മനസ്സ് കുളിർപ്പിക്കുന്ന വേറിട്ട കാഴ്ചയായി മാറി.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.