രോഗങ്ങളോട് പൊരുതാം നല്ല ആഹാര ശീലത്തിലൂടെ

രോഗങ്ങളോട് പൊരുതാം നല്ല ആഹാര ശീലത്തിലൂടെ

കോവിഡിന് ശേഷം പല തരത്തിലുളള രോഗങ്ങള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം എല്ലാവരും കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകള്‍ക്കിരയാവുന്നുണ്ട്. ഇത്തരം രോഗങ്ങളോടൊക്കെ പൊരുതാന്‍ നമുക്ക് എന്ത് ചെയ്യാം എന്നാണ് ഇനി ആലോചിക്കേണ്ടത്. മികച്ച ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

പ്രോട്ടീനുകളും മാംസ്യവും
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും, പേശികളും കലകളും നിര്‍മ്മിക്കുന്നതിനും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പ്രോട്ടീനുകള്‍ സഹായിക്കും. ശരീര കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ അകറ്റാന്‍ മാംസ്യം ആവശ്യമാണ്. മത്സ്യം, മുട്ടയുടെ വെളള, കോഴിയിറച്ചി, പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, പാലും പാല്‍ ഉത്പന്നങ്ങള്‍, സോയ ഇവയിലെല്ലാം മാംസ്യം ധാരാളമടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും, ഉദരാരോഗ്യത്തിനും, ദഹനം മെച്ചപ്പെടുത്താനും പ്രോട്ടീനുകള്‍ സഹായകമാണ്.

കാലറി അടങ്ങിയ ആഹാരങ്ങള്‍
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് കാലറിയടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്താം. ഗോതമ്പ്, ബ്രൗണ്‍റൈസ്, തവിട് നീക്കം ചെയ്യാത്ത അരി, മുഴു ധാന്യങ്ങള്‍, നട്ട്‌സ്, ധാന്യ വര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, എന്നിവ നിശ്ചിത അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

വൈറ്റമിനുകളും പ്രതിരോധ ശേഷിയും
ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനായ ജീവകം സി ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇവ അടങ്ങിയ ആഹാരങ്ങള്‍ ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, പേരക്ക, കിവി, നെല്ലിക്ക, നാരങ്ങ, പപ്പായ ഇവയെല്ലാം ജീവകം- സിയാല്‍ സമ്പന്നമാണ്. ജീവകം-ഡി യും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. ജീവകം-ഡിയുടെ അഭാവം രോഗബാധകളുണ്ടാക്കുന്നു. മത്സ്യങ്ങള്‍ പ്രത്യേകിച്ച് മത്തി, അയല, പാല്‍, ഓറഞ്ച് , ധാന്യങ്ങള്‍ ഇവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.

ധാരാളം വെള്ളം കുടിക്കുക
ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യമാണ് ധാരാളം വെളളം കുടിക്കുകയെന്നത്. ദിവസേനെ രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കേണ്ടതാണ്.

മസാലകളും ഉപ്പും മധുരവും നിയന്ത്രിക്കാം
അമിതമായ മധുരം, ഉപ്പ്, എരിവ്, മസാലകള്‍ എന്നിവ ഒഴിവാക്കാം. മഞ്ഞള്‍, കറുവാപ്പട്ട, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് ഇവയൊക്കെ ശരീരത്തിലെ മറ്റ് അസ്വസ്ഥതകള്‍ കുറയാന്‍ നല്ലതാണ്. എന്ന് കരുതി ഇവയൊന്നും വെറുംവയറ്റില്‍ കഴിക്കേണ്ടതില്ല.

ഭക്ഷണ ശീലം എങ്ങനെ
പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിയ്ക്ക് തന്നെ കഴിയ്ക്കുക. പ്രഭാത ഭക്ഷണത്തില്‍ മാംസ്യം, അല്ലെങ്കില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
അത്താഴം കിടക്കുന്നതിന് ഒന്ന് രണ്ട് മണിക്കൂര്‍ മുന്‍പ് കഴിച്ചിരിക്കണം. സൂപ്പ് പോലുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. വറുത്തതും പൊരിച്ചതും, എണ്ണയുടെ അമിത ഉപയോഗവും, ജങ്ക് ഫുഡ്ഡും മറ്റും നമ്മെ പെട്ടന്ന് രോഗികളാക്കുന്നു. കൃത്യസമയത്തുള്ളതും പോഷകങ്ങള്‍ അടങ്ങിയതുമായ ആഹാരക്രമം നമ്മെ രോഗികളാവുന്നതില്‍നിന്ന് ഒരുപരിധിവരെ സംരക്ഷിക്കുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.