പൂർണ്ണ മദ്യനിരോധനമുള്ള നാഗാലാൻഡിൽ വിഷമദ്യ ദുരന്തം: 19 പേർ മരിച്ചു
പൂർണ്ണ മദ്യനിരോധനം നിലവിലുള്ള നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. വ്യാജമദ്യം കഴിച്ചതിനെത്തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൊകോക്ചുങ് ജില്ലയിൽ എട്ടുപേരും ടു എൻസാങ് ജില്ലയിൽ 11 പേരുമാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിഷമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഐ. ബംഗ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകിയതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വെസുപ്ര കെസോ അറിയിച്ചു. മരണകാരണം കൃത്യമായി വ്യക്തമാകുന്നതിനായി സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനപ്പെട്ട ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ദുരന്തത്തിന് പിന്നാലെ പോലീസ് നടത്തിയ വ്യാപക റെയ്ഡുകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും ഏകദേശം മൂവായിരത്തോളം കുപ്പി വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തു. അറിയപ്പെടാത്തതോ ലേബൽ ഇല്ലാത്തതോ ആയ മദ്യം കഴിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ചമങ്ങൽ, ശ്വാസതടസ്സം അല്ലെങ്കിൽ ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 1990 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കെയാണ് ഈ ദാരുണ സംഭവം.
Photo Courtesy: Google/ images are subject to copyright

