ലക്ഷദ്വീപ്: പവിഴപ്പുറ്റുകളുടെ നിധികുംഭം
1835ല് ബിട്ര ദ്വീപ് സന്ദര്ശിച്ച ഡബ്ല്യൂ. റോബിന്സണ് എന്ന മദ്രാസ് ഗവണ്മെന്റിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് പറഞ്ഞത് ആ ദ്വീപില് പക്ഷികള് മാത്രമേ ഉള്ളൂ എന്നാണ്. അന്ന് ബിട്ര ദ്വീപില് നിന്നു മാത്രമായി ഏകദേശം 50,000 പക്ഷിമുട്ടകളാണ് ശേഖരിച്ചതെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മനുഷ്യവാസം ഏറിയതോടെ 1928ല് പക്ഷിസമൂഹങ്ങളില് പലതും വംശനാശത്തിലേക്ക് നീങ്ങി.
മറ്റ് ദ്വീപുകളിലെ കഥകളും വ്യത്യസ്തമല്ല. ഈ ദ്വീപുകളിലേക്ക് മനുഷ്യര് താമസത്തിനെത്തുംമുമ്പ്, ലക്ഷക്കണക്കിന് പക്ഷികളാണ് വസിച്ചിരുന്നത്. സ്യൂട്ടി ടേണ്, ഫിലിപ്പീന് നോഡി തുടങ്ങിയ പക്ഷി വംശങ്ങള് ധാരാളമായി ഇവിടുത്തെ ദ്വീപുകളില് ഉണ്ടായിരുന്നുവത്രെ. പക്ഷികളുടെ നൂറ്റാണ്ടുകള് നീണ്ട അധിവാസം മൂലം ഇവിടുത്തെ മണ്ണില് ഫോസ്ഫേറ്റ് വളത്തിന്റെ അടരുകള് ഉള്ളതായി പറയപ്പെടുന്നു. ഇന്ത്യന് ബ്യൂറോ ഓഫ് മൈന്സ് 1960ല് നടത്തിയ പഠനത്തില് ഫോസ്ഫേറ്റിന്റെ അംശം മണ്ണില് ഏകദേശം 0.12 ടണ്ണോളം ഉള്ളതായി പറയപ്പെടുന്നു.
പുരാവസ്തുവകുപ്പിന്റെ തെളിവുകള് പ്രകാരം ആന്ത്രോത്ത് എന്ന ദ്വീപ് ക്രിസ്തുവിന് 1500 വര്ഷങ്ങള് മുമ്പേ തന്നെ പ്രാചീന പോളിനേഷ്യന് കുടിയേറ്റക്കാര് കണ്ടെത്തിയതായി സൂചനയുണ്ട്. ഈ പോളിനേഷ്യക്കാരുടെ പാരമ്പര്യത്തുടര്ച്ചയാണത്രെ ലക്ഷദ്വീപില് ഇന്നും നിലനില്ക്കുന്ന സവിശേഷമായ കപ്പല് നിര്മ്മാണ വിദ്യയും കപ്പലോട്ട വിദ്യയും. എ.ഡി. 77ല് ഗ്രീക്ക് സഞ്ചാരിയായ പ്ലിനി എഴുതിയ നാച്ചുറല് ഹിസ്റ്ററി എന്ന പുസ്തകത്തില് അറബിക്കടലില് കാണപ്പെടുന്ന വിവിധ ദ്വീപുകളെക്കുറിച്ച് പരാമര്ശമുണ്ട്. ഈ പുസ്തകത്തില് ലക്ഷദ്വീപിനെ അര്ഗയര് എന്നാണത്രെ വിശേഷിപ്പിച്ചിരിക്കുന്നത്.
എഡി ഒന്നും രണ്ടും നൂറ്റാണ്ടുകളില് റോമക്കാര് കച്ചവടത്തിനായി ഇവിടെ തമ്പടിച്ചതായി പറയുന്നു. കടലാമയുടെ തോട് അത്തരത്തില് കച്ചവടം ചെയ്യപ്പെട്ട വസ്തുവാണ്. എഡി 60ല് ഗ്രീക്ക് എഴുത്തുകാരനായ അലക്സാണ്ടര് ഡ്രിയര് ലക്ഷദ്വീപസമൂഹത്തെ ഡമിറിക്ക ദ്വീപുകള് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇവിടെനിന്നും കടലാമകള് കയറ്റി അയക്കപ്പെട്ടതായി പറയുന്നു. കടലാമത്തോടുകളുടെ കച്ചവടം എത്രമാത്രം പ്രധാനമായിരുന്നെന്നും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. റോമില് ഇന്റീരിയര് ഡിസൈനിംഗിന് ഉപയോഗിച്ചിരുന്ന വിലകൂടിയ വസ്തുവായിരുന്നതിനാല് കടലാമയുടെ തോടിന് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ആ കാലഘടത്തില് ഇന്ത്യയിലേക്ക് ഏകദേശം 550 കോടി റോമന് സ്വര്ണ്ണനാണയം അയക്കപ്പെട്ടതായി സൂചനയുണ്ട്. ലക്ഷദ്വീപിലെ കഡ്മാട്ട് ദ്വീപില് നിന്നും റോമക്കാരുടെ സ്വര്ണ്ണനാണയം കണ്ടെത്തിയതോടെ ലക്ഷദ്വീപിന്റെ ചരിത്രപ്രാധാന്യം ഊട്ടിയുറപ്പിക്കപ്പെട്ടു.
മൂന്നാം നൂറ്റാണ്ടില് ബുദ്ധമതം ഇവിടേക്കെത്തി. ദ്വീപില് ഒട്ടേറെപ്പേര് ബുദ്ധമതം സ്വീകരിച്ചതായി പറയുന്നു. വിവിധദ്വീപുകളില് കാണുന്ന ബുദ്ധപ്രതികമകളും മറ്റ് വസ്തുക്കളും ഇതിന്റെ ഉദാഹരണമാണ്. ഏഴാം നൂറ്റാണ്ടില് ഇസ്ലാം മതം പ്രചരിപ്പിക്കാന് ഹസ്രത്ത് ഉബൈദുള്ള എത്തി. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില് ആകര്ഷിക്കപ്പെട്ട് ദ്വീപിലെ മുഴുവന് പേരും ഇസ്ലാം മതം സ്വീകരിച്ചു. ഹതൂഹത്-ഇ-ജസയര് എന്ന ആദ്യ കൃതിയില് തന്റെ ലക്ഷദ്വീപ് അനുഭവങ്ങള് ഉബൈദുള്ള വിവരിക്കുന്നു. ഇപ്പോള് ലക്ഷദ്വീപില് 95 ശതമാനം സുന്നി മുസ്ലീം സാന്നിധ്യമുണ്ട്.
അടുത്ത പേജില് തുടരുന്നു

