മരട് നഗരസഭ അഴിമതിയുടെ കേന്ദ്രമോ?

മരട് നഗരസഭ അഴിമതിയുടെ കേന്ദ്രമോ?

maradu_municipalityകൊച്ചി: ജനസേവന കേന്ദ്രങ്ങള്‍ക്ക് അപവാദമായി ഗുണ്ടായിസത്തിന്റെയും അഴിമതിയുടെയും കേന്ദ്രമായി മാറുകയാണ് മരട് നഗരസഭ. കഴിഞ്ഞ ദിവസമാണ് കായലോരത്ത് കണ്ടല്‍ വെട്ടിയ കേസ് ഒതുക്കാനായി 50,000 രൂപ കൈക്കൂലി വാങ്ങിയതിന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. തോമസ് ജോഷി സസ്‌പെന്‍ഷനിലായത്. രണ്ട് മാസം മുമ്പാണ് തോമസ് ജോഷിയുടെ സഹപ്രവര്‍ത്തകനായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനെ വീട്ടുതടങ്കലിലാക്കി മര്‍ദ്ദിച്ച കേസില്‍ മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും നവംബറില്‍ നിയമത്തിന്റെ പിടിയിലായിരുന്നു. മരടില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ ചളി നീക്കല്‍ കരാര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഉള്‍പ്പെട്ട സംഘം ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ ഷുക്കൂറിനെ മര്‍ദ്ദിച്ചത്. ജനങ്ങളെ സേവിക്കേണ്ടവര്‍ തന്നെ ഗുണ്ടകളായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേക്കാലങ്ങളായി മരട് നഗരസഭയില്‍ അരങ്ങേറുന്നത്. അഴിമതിയും ഗുണ്ടാപ്രവര്‍ത്തനങ്ങളുമായി അധികാര ദുര്‍വിനിയോഗം നടത്തുന്നതില്‍ എന്നും മുന്‍പന്തിയിലാണ് നഗരസഭാ അധികൃതര്‍.

മരട് നഗരസഭയുടെ പരിധിയില്‍ വരുന്ന ലെ മെറിഡിയന്‍ ഹോട്ടലില്‍ 2015 ആഗസ്റ്റ് 18ന് നടന്ന മിസ് ഏഷ്യ സൗന്ദര്യമത്സരത്തിന് അവസാന ഘട്ടത്തില്‍ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വിവാദമായിരുന്നു. സ്റ്റോപ്പ് മെമ്മോയെ തുടര്‍ന്ന് നഗരസഭ അധികൃതരെ സമീപിച്ച മിസ് ഏഷ്യ സംഘാടകരായ പെഗാസസിനോട് വിനോദ നികുതി ഇനത്തില്‍ 10,80000 രൂപ കെട്ടിവെച്ചാല്‍ മാത്രമേ പരിപാടി നടത്താന്‍ അനുവദിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ 100 പേര്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഫണ്ട് രൂപീകരണത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ബുക്ക് മൈ ഷോ യിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 24% മാത്രം അടക്കേണ്ട സാഹചര്യത്തില്‍ നിര്‍ബന്ധപൂര്‍വ്വം 10,80000 രൂപ സംഘാടകരായ പെഗാസസില്‍ നിന്നും നഗരസഭ വാങ്ങുകയായിരുന്നു. 2015 ജൂണ്‍ മാസം മുതല്‍ 4 തവണ പെഗാസസിന്റെ ഉദ്യോഗസ്ഥര്‍ ഇതിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ നഗരസഭ ചെയര്‍മാനെയും സെക്രട്ടറിയേയും അറിയിച്ചിരുന്നു . പരിപാടി കാണുന്നതിനുള്ള എന്‍ട്രി പാസ്സും ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 2015 ഓഗസ്റ്റ് പതിനാലാം തിയതിയിലെ പത്രത്തില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നായിരുന്നു മേമ്മോയിലെ വിശദീകരണം.

അതേത്തുടര്‍ന്ന് 2014 ഏപ്രില്‍ മുതല്‍ 2015 ഓഗസ്റ്റ്് 20 വരെ മരട് നഗരസഭയില്‍ വിനോദനികുതിയുടെ പരിധിയില്‍ വരുന്ന എത്ര പരിപാടികള്‍ നടന്നുവെന്നും ഈ പരിപാടികള്‍ക്ക് എത്ര വിനോദ നികുതി ഈടാക്കി എന്നും വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ മരട് നഗരസഭാ പ്രദേശത്ത് വിനോദനികുതിയുടെ പരിധിയില്‍ വരുന്ന പരിപാടികള്‍ നടന്നത് സംബന്ധിച്ച് യാതൊരു രേഖകളുമില്ലെന്നായിരുന്നു നഗരസഭയുടെ മറുപടി. വിനോദപരിപാടികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്/ പാര്‍ട്ണര്‍ഷിപ് ഇനത്തില്‍ വിനോദ നികുതി ഈടാക്കിയിരുന്നോ എന്ന ചോദ്യത്തിനും രേഖകള്‍ ഇല്ലെന്നു തന്നെയായിരുന്നു നഗരസഭയുടെ ഉത്തരം.
കൂടാതെ മരട് നഗരസഭയുടെ പരിധിയില്‍ വരുന്ന ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ 2016 ഡിസംബര്‍ 15ന് പെഗാസസ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്, വി.പി.എന്‍ ഐ.ബി.ഇ അവാര്‍ഡ് പരിപാടികള്‍ക്കെതിരെയും മരട് നഗരസഭ രംഗത്തെത്തിയിരുന്നു. ചാരിറ്റി ഫണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്നായിരുന്നു നഗരസഭയുടെ നിര്‍ദ്ദേശം. അഴിമതി മുഖമുദ്രയാക്കിയ മരട് നഗരസഭ കൈക്കൂലി പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എപ്പോഴും സ്വീകരിക്കുന്നത്. ഓരോ സേവനങ്ങള്‍ക്കും ജനങ്ങളില്‍ നിന്ന് പണം ഈടാക്കി സ്വന്തം കീശ വീര്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് മരട് നഗരസഭയെ നരക സഭയായി മാറ്റുന്നത്. നഗരസഭയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരം ദുരാഗ്രഹികളായ ഉദ്യോഗസ്ഥരെ നാം ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.