സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷ കഠിന തടവും പിഴയും വിധിച്ച് കോടതി.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. കഠിന തടവിനൊപ്പം 40000 രൂപയാണ് പിഴയായി അടയ്ക്കേണ്ടത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ തെറ്റുകാരിയല്ലെന്നായിരുന്നു സരിതയുടെ വാദം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് കോടതിയില്‍ ഹാജരായില്ല.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.
വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നു സരിത പണം തട്ടിയത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright