മീൻ വാഴയിലയിൽ പൊള്ളിച്ചത്
ആവശ്യമുള്ള സാധനങ്ങൾ
മീൻ – 500 ഗ്രാം
കാശ്മീരി മുളകുപൊടി – 3 / 4 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – 1 / 2 ടീസ്പൂൺ
പെരുംജീരകപ്പൊടി – 3/ 4 ടീസ്പൂൺ
നാരങ്ങാ നീര് – ഒരു നാരങ്ങായുടേത്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യമുള്ളത്
സവാള – 4 എണ്ണം
ചുവന്നുള്ളി – 250 ഗ്രാം
ഇഞ്ചി – ഒരു ഇടത്തരം കഷ്ണം
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് കീറിയത് – 4 എണ്ണം
കറിവേപ്പില – ഒരു തണ്ട്
മല്ലിപ്പൊടി – 1 1/ 2 ടീസ്പൂൺ
മുളകുപൊടി – 2 1/ 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/ 2 ടീസ്പൂൺ
കുരുമുളകുപൊടി – 3 / 4 ടീസ്പൂൺ
തക്കാളി – രണ്ട് ചെറുത്
കുടം പുളി – രണ്ട് കഷ്ണം
ഉപ്പ് – ആവശ്യത്തിന്
വാഴയില – ഒരു വലിയ കഷ്ണം
വാഴ നാര് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നല്ല ദശക്കട്ടിയുള്ള ആവോലി, കരിമീൻ എന്നിവയാണ് പൊളിക്കാൻ ഉത്തമം. മീൻ വൃത്തിയായി കഴുകി വരഞ്ഞെടുക്കുക. ഒരു പാത്രത്തിൽ കാശ്മീരിമുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, നാരങ്ങാനീര്, ഉപ്പ്, വെളിച്ചെണ്ണ എന്നിവചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. ഈ മസാല വരഞ്ഞുവച്ചിരിക്കുന്ന മീനിലേക്ക് നല്ലവണ്ണം പുരട്ടി ഫ്രിഡ്ജിൽ മൂന്നുനാലു മണിക്കൂർ വയ്ക്കുക.
രണ്ട് കഷ്ണം കുടംപുളി 1 / 4 കപ്പ് വെള്ളത്തിൽ കുതിർക്കുക. മൂന്നുനാലു മണിക്കൂറിന് ശേഷം മീൻ ഫ്രിഡ്ജിൽ നിന്നും എടുത്ത് തണുപ്പ് പോയതിന് ശേഷം ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് നല്ലവണ്ണം പൊരിച്ചെടുക്കുക. മറ്റൊരു പാൻ അടുപ്പത്തുവച്ച് ചൂടാകുമ്പോൾ നീളത്തിലരിഞ്ഞ സവാള, ചുവന്നുള്ളി, ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി, നീളത്തിൽ മുറിച്ച പച്ചമുളക്,ചെറുതായരിഞ്ഞ തക്കാളി ,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി ,മുളകുപൊടി , മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് കുതിർത്തുവച്ചിരിക്കുന്ന കുടംപുളിയും ആവശ്യമെങ്കിൽ മാത്രം പുളി കുതിർത്ത വെള്ളവും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റി മസാല തയ്യാറാക്കുക. വാഴയില വാട്ടി അൽപ്പം വെളിച്ചെണ്ണ തേയ്ക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാലയുടെ പകുതി വാഴയിലയുടെ നടുവിൽ വച്ച് അതിന് മുകളിൽ മീൻ വയ്ക്കുക. ബാക്കി മസാല മീനിന് മുകളിൽ നിരത്തി ഇലയിൽ പൊതിഞ്ഞ് വാഴനാര് കൊണ്ട് കെട്ടുക. ഒരു പരന്ന പാത്രത്തിൽ അൽപ്പം എണ്ണയൊഴിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന മീൻ വച്ച് ഓരോ പുറവും കരിഞ്ഞുപോകാതെ പൊള്ളിച്ചെടുക്കുക. രുചികരമായ മീൻ വാഴയിലയിൽ പൊള്ളിച്ചത് തയ്യാർ.
Photo Courtesy : Google/ images are subject to copyright