മലയാളത്തിന്റെ ഭാഗ്യതാരം നിക്കി ഗല്‍റാണി

മലയാളത്തിന്റെ ഭാഗ്യതാരം നിക്കി ഗല്‍റാണി

nikkyനിക്കി ഗല്‍റാണി ശുഭാപ്തിവിശ്വാസക്കാരിയാണ്. മാനസിക സമ്മര്‍ദ്ദങ്ങള്‍ തീരെ ബാധിക്കാത്ത നടിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇവരുടെ സിനിമാഭിനയ ജീവിതം തളിര്‍ത്തത്. 2014ലെ ഏറ്റവുമധികം വിജയം നേടിയ നടി എന്ന നിലയിലാണ് നിക്കി അറിയപ്പെടുന്നത്. അവര്‍ താരമായി മാറിയ അതേ വേഗത ഇടയ്ക്കിടെ പൊട്ടിച്ചിരികള്‍ മുഴക്കിക്കൊണ്ടുള്ള അവരുടെ സംസാരരീതിയിലും കാണാം….

2013ല്‍ കുറെ സില്‍ക്ക് സാരികളുടെ പരസ്യത്തില്‍ നിങ്ങള്‍ നിക്കി ഗല്‍റാണിയെ കണ്ടിട്ടുണ്ടായിരിക്കാം. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ 2014ല്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നടി എന്ന റിസല്‍ട്ടായിരിക്കും ലഭിക്കുക. 23ാം വയസ്സില്‍ അവരിപ്പോള്‍ എ-ലിസ്റ്റില്‍പ്പെട്ട പ്രമുഖ നടന്മാരോടും സംവിധായകരോടും ഒപ്പം പ്രവര്‍ത്തിച്ചുകഴിഞ്ഞു. 1983എന്ന വിജയചിത്രത്തില്‍ മഞ്ജുള എന്ന വേഷത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് നിക്കി വാര്‍ത്തകളില്‍ നിറഞ്ഞത്. 2014 ഇവരെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമായിരുന്നു. 1983 എന്ന ചിത്രത്തിന് പിന്നാലെ, വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ ലിസയും ഇവന്‍ മര്യാദരാമനിലെ കൃഷ്‌ണേന്ദുവും മലയാളികള്‍ ഒന്നടങ്കം ഹൃദയത്തിലേറ്റുവാങ്ങിയ കഥാപാത്രങ്ങള്‍….

സ്വിറ്റ്‌സര്‍ലന്റില്‍ ഒരു ഷൂട്ടിംഗ് വേളയ്ക്കിടയില്‍ നിക്കി ഗല്‍റാണി യൂണിക് ടൈംസിനോട് തന്റെ മനസ്സ് തുറക്കുന്നു. മലയാളസിനിമ തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ചും പരസ്യചിത്രങ്ങളില്‍ നിന്നും സിനിമയെന്ന വലിയ ക്യാന്‍വാസിലേക്കുള്ള യാത്രയെക്കുറിച്ചും മറ്റും…..

നിക്കിയെ ചുരുക്കിപ്പറഞ്ഞാല്‍…

ഞാന്‍ പ്രവചനത്തിലൊതുങ്ങാത്ത വ്യക്തിയാണ്. ചിന്തിച്ചുറപ്പിച്ചതനുസരിച്ച് പെരുമാറാറില്ല. യാത്ര ഇഷ്ടപ്പെടുന്നു. നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ സാഹസികത ഏറെ പ്രിയം.

Nikki-Galrani-cute-photos-8

എപ്പോഴും നടിയാകാന്‍ മോഹിച്ചിരുന്നോ?

എന്റെ സഹോദരി നടിയായിരുന്നപ്പോള്‍ ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോലും പോകാറില്ല. ഞാന്‍ എപ്പോഴും സിനിമവ്യവസായത്തില്‍ നിന്നും പത്രക്കാരില്‍നിന്നും ഒഴിഞ്ഞുനിന്നു. ഞാന്‍ ജീവിതത്തില്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഫാഷന്‍ ഡിസൈനിംഗില്‍ നിന്നും ബിരുദമെടുത്ത എന്റെ വഴിയില്‍ യാദൃച്ഛികമായി സംഭവിച്ച ഒന്നാണ് സിനിമാഭിനയം. ജീവിതം എന്തുതരുന്നുവോ അത് അതേപടി സ്വീകരിക്കുന്ന ആളാണ് ഞാന്‍. ഒഴുക്കിനനുസരിച്ച് പോകുന്നതാണിഷ്ടം. ഇവിടെയെത്താന്‍ ഞാന്‍ വിധിക്കപ്പെട്ടതായി തോന്നുന്നു. ഇവിടെയാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. മാത്രമല്ല, ഇവിടെ ഇത്രയും ചെയ്യാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്.

നിങ്ങളുടെ ഈ യാത്ര എങ്ങിനെയായിരുന്നു?

എന്റെ കരിയറില്‍ നല്ല തുടക്കം എനിക്ക് കിട്ടി. പക്ഷെ ഇതിനേക്കാള്‍ കൂടുതല്‍ ഒന്നും ചോദിക്കേണ്ടതില്ലെന്ന വിശ്വാസം എനിക്കില്ല. ഒരു വര്‍ഷത്തിനുള്ളില്‍ 10-12 സിനിമകള്‍ ചെയ്തു. 4 ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും ഞാന്‍ ജോലി ചെയ്തു. എല്ലാ ചിത്രങ്ങളും റിലീസായിട്ടില്ല. 2013 ജനവരിയില്‍ റിലീസായ 1983 എന്ന കന്നിച്ചിത്രം എനിക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

നിങ്ങളെപ്പറ്റി ആര്‍ക്കുമറിയാത്ത 3 കാര്യങ്ങള്‍?

എലികളെ പേടിയാണ്, എളുപ്പത്തില്‍ വേദനിക്കുന്ന ആളാണ് ഞാന്‍, ഉയരംകൂടിയ ഇടങ്ങളില്‍ പോകുന്നത് പേടിയാണ്. സൂചികളും പേടിയാണ്. ഇനി പ്രധാനപ്പെട്ട ഒരു കാര്യം പറയാം. എനിക്ക് കൈക്കൂലി നല്‍കാന്‍ ആരെങ്കിലും മുതിരുന്നുവെങ്കില്‍ ഒരു ഡബ്ബ ബിരിയാണി തന്നാല്‍ മതി. അതെന്റെ ദൗര്‍ബല്യമാണ്.

ഫാഷന്‍ എന്നാല്‍ താങ്കള്‍ക്ക്…?

ഫാഷന്‍ എന്നാല്‍ എനിക്ക് ആത്മവിശ്വാസവും സുഖവും എന്റെ തന്നെ ആത്മാവിഷ്‌കാരവും ആണ്. നിങ്ങള്‍ എന്തു ധരിക്കുന്നു എന്നത് പ്രശ്‌നമല്ല. നിങ്ങള്‍ ധരിക്കുന്ന ഏത് വസ്ത്രത്തിലും നിങ്ങള്‍ക്ക് സ്റ്റൈലായി പ്രത്യക്ഷപ്പെടാം….അത് സാരിയോ, പൈജാമയോ, ഷോര്‍ട്ട്‌സോ…എന്തായാലും നിങ്ങള്‍ നിങ്ങളെ നന്നായി വസ്ത്രത്തിനുള്ളില്‍ കൊണ്ടുനടക്കണമെന്ന് മാത്രം.

 

എന്തുകൊണ്ടാണ് 1983 എന്ന ചിത്രത്തെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരം എന്ന് വിളിക്കുന്നത്?

1983 എന്ന ചിത്രം എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരം തന്നെയായിരുന്നു. ആദ്യ ചിത്രത്തില്‍ ഒപ്പിട്ടതുമുതല്‍ എന്റെ സ്വപ്‌നമായിരുന്നു ഒരു ഗ്രാമീണപെണ്‍കൊടിയെ അവതരിപ്പിക്കണമെന്നത്. കാരണം എനിക്ക് ഗ്രാമജീവിതവുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ബാംഗ്ലൂരിലായിരുന്നു. എന്റെ അച്ഛന്‍ മുംബൈയില്‍ നിന്നായിരുന്നു. അമ്മ ചെന്നൈയില്‍ നിന്നും. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും ഗ്രാമവുമായി ബന്ധമില്ല. എന്റെ കൂട്ടുകാരെപ്പോലെ ഞാന്‍ അവധിദിവസങ്ങളില്‍ കാരണവന്മാരെ കാണാന്‍ ഗ്രാമത്തിലേക്ക് പോകാറില്ല. എങ്കിലും എപ്പോഴും ഞാന്‍ ഒരു ഗ്രാമത്തെ അനുഭവിക്കണമെന്ന് മോഹിച്ചു. കുറഞ്ഞ സൗകര്യങ്ങളോടെ എങ്ങിനെയാണ് ആളുകള്‍ അവിടെ ജീവിക്കുന്നതെന്ന് കാണണമെന്നുണ്ടായിരുന്നു. അത്തരമൊരു ഗ്രാമീണാന്തരീക്ഷം അനുഭവിക്കണമെന്നും മോഹമുണ്ടായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സാധിക്കാത്തത് സിനിമയിലൂടെയെങ്കിലും നടപ്പാകണമെന്ന് ഞാന്‍ മോഹിച്ചു. ആ അനുഭവമാണ് 1983 എനിക്ക് സമ്മാനിച്ചത്. അതുകൊണ്ടാണ് പറഞ്ഞത് 1983 ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകലായിരുന്നു എന്ന്.

nikki

ഇവന്‍ മര്യാദരാമനില്‍ ദിലീപിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്?

എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെപ്പോലുള്ള ഒരു നടനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു സ്വ്പന സാക്ഷാത്ക്കാരം ആയിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഒരു മികച്ച അനുഭവമായിരുന്നു. അത്രയ്ക്ക് വലിയ സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും അദ്ദേഹം വളരെ വിനയമുള്ള, ലാളിത്യമുള്ള മനുഷ്യനാണ്. അദ്ദേഹത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഒരു നല്ല അനുഭവമായിരുന്നു. ഇവന്‍ മര്യാദരാമന്റെ ടീമിനൊപ്പം അഭിനയിച്ചതും മികച്ച അനുഭവം തന്നെ.

നിങ്ങള്‍ അഭിനയിച്ച റോളും യാഥാര്‍ത്ഥജീവിതത്തിലെ നിക്കിയും തമ്മില്‍ എത്ര അന്തരമുണ്ട്?

ഞാന്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രവും സിനിമകള്‍ മാറുന്നതനുസരിച്ച് മാറുന്നു. നേരത്തെ ചെയ്ത പ്രൊജക്ടില്‍ നിന്നും വ്യത്യസ്തമായ റോള്‍ ഉണ്ടെങ്കിലേ ഞാന്‍ ആ അവസരം സ്വീകരിക്കൂ. 1983 എന്ന സിനിമയിലെ മഞ്ജുള 1983 കാലഘട്ടത്തിലെ ഒരു ഗ്രാമീണപെണ്‍കൊടിയാണ്. വെള്ളിമൂങ്ങയിലെ ലിസ ഒരു നഴ്‌സാണ്. ഇവന്‍ മര്യാദരാമനില്‍ നഗരവുമായി ബന്ധപ്പെട്ട ഒരു പെണ്‍കുട്ടിയെ ആണ് അവതരിപ്പിക്കുന്നത്. ഡാര്‍ലിംഗില്‍ ഒരു യക്ഷിയെയും യാഗവരിയിനും നാ കാക്ക എന്ന ചിത്രത്തില്‍ എന്റെ യഥാര്‍ത്ഥ ജീവിതവുമായി കുറച്ചെങ്കിലും സാമ്യമുള്ള ഒരു കരുത്തുറ്റ പെണ്‍കുട്ടിയെയും രുദ്രസിംഹാസനത്തില്‍ ഒരു തമ്പുരാട്ടിയെയും ഒരു സെക്കന്റ് ക്ലാസ് യാത്രയില്‍ വീണ്ടും ഒരു സാദാ പെണ്‍കുട്ടിയെയും അവതരിപ്പിക്കുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണാഷ്ടമിയില്‍ ഒരു വിദേശമലയാളി പെണ്‍കൊടിയാണ് കഥാപാത്രം. എനിക്ക് കൂടുതല്‍ വെല്ലുവിളിയുണര്‍ത്തുന്നതും കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരുന്നതുമായ കഥാപാത്രങ്ങളിന്മേലും വ്യത്യസ്തങ്ങളായ പദ്ധതികളിന്മേലും ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

ഐബിടി ടൈംസ് മലയാളസിനിമയില്‍ 2014ലെ മികച്ച നടിയായി നിക്കിയെ തിരഞ്ഞെടുത്തിരിക്കുന്നു. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?

എല്ലാവരെയും പോലെ ഞാനും ഈ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തുഷ്ടയാണ്. എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ച തുടക്കമാണിത്. മാത്രമല്ല, ആളുകളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള സിനിമകളില്‍ അഭിനയിക്കുകവഴി അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ കഴിയുന്നുെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ പൊതു ജീവിതവും സ്വകാര്യജീവിതവും എങ്ങിനെ കൈകാര്യം ചെയ്യുന്നു?

യഥാര്‍ത്ഥജീവിതത്തില്‍ ഞാന്‍ ഒരു സ്വകാര്യ വ്യക്തിയാണ്. എന്റെ ജോലി, പ്രശസ്തി, പൊതുജീവിതം എന്നിവയെ വ്യക്തിജീവിതത്തില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തിയാണ് കാണുന്നത്. സ്വകാര്യലോകത്തില്‍ ഞാന്‍ വെറും പാവം വ്യക്തിയാണ്. കൂട്ടുകാരോടൊപ്പം കൂടുമ്പോള്‍ ഞാന്‍ എപ്പോഴും അവര്‍ക്കറിയാവുന്ന നിക്കിയാണ്. പക്ഷെ ജോലിസ്ഥലത്താവുമ്പോള്‍ ഞാന്‍ ജോലിയുടെ മൂശയ്ക്കുള്ളിലായിരിക്കും.

സൗന്ദര്യത്തില്‍ ആരാധിക്കുന്ന വിഗ്രഹം?

ഓഡ്രെ ഹെപ്‌ബേണ്‍

ഫിറ്റ്‌നെസ് മന്ത്രം?

എപ്പോഴും വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നു. യോഗ, ജിം, നീന്തല്‍ എന്നിവയുമായി ബന്ധപ്പെട്ടുനില്‍ക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. പക്ഷെ പ്രാന്തപ്രദേശങ്ങളിലാണ് ഷൂട്ട് എങ്കില്‍ ജിമ്മുമായോ വ്യായാമമായോ ബന്ധപ്പെടാന്‍ പറ്റില്ല. അപ്പോള്‍ ഞാന്‍ ഭക്ഷണക്രമം പാലിക്കും. പക്ഷെ മുഖത്തെ യഥാര്‍ത്ഥതിളക്കം ഉള്ളിലെ സന്തോഷത്തില്‍ നിന്നും മാത്രമേ കൊണ്ടുവരാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങളുടെ കൈയിലെ ടാറ്റൂ?

എന്റെ കയ്യിലല്ല, ശരീരത്തിന്റെ പിന്‍ഭാഗത്താണ് ടാറ്റൂ. അത് എന്റെ സഹോദരിയുടെ പേരാണ്. ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ഭാഗമായാണ് അവളുടെ പേര് ടാറ്റൂ ചെയ്തിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഒരു ജന്മദിനസമ്മാനമായാണ് ഈ ടാറ്റൂ ചെയ്തത്.

ദൈവത്തിന്റെ സ്വന്തം നാടിനെയും ഇവിടുത്തെ ജനങ്ങളെയും പറ്റി?

ഞാന്‍ ഈ സ്ഥലവും ഇവിടുത്തെ ആളുകളെയും പ്രകൃതിയെയും പച്ചപ്പിനെയും ഭക്ഷണത്തെയും ഇഷ്ടപ്പെടുന്നു. കേരളത്തില്‍ എവിടെപ്പോയാലും ഞാന്‍ ധാരാളം ഭക്ഷണം കഴിക്കുമെന്ന് തീര്‍ച്ച. അത് വഴി എന്റെ ശരീരഭാരവും കൂടും. കേരളത്തില്‍ എവിടെയും ജനങ്ങളില്‍ നിന്ന് സ്‌നേഹവും വാത്സല്യവും ലഭിക്കുന്നു. ഒരു പക്ക മലയാളി കുട്ടി എന്ന നിലയിലാണ് ഞാന്‍ സ്വീകരിക്കപ്പെടുന്നത്. 1983 എന്ന ആദ്യ മലയാള ചിത്രം മുതല്‍ ഇവിടുത്തെ ആളുകള്‍ എന്നെ സ്വാധീനിക്കുന്നു. വ്യത്യസ്തമായതും മെച്ചപ്പെട്ടതുമായ പ്രകടനം നടത്താന്‍ ആളുകള്‍ എന്നെ സ്വാധീനിക്കുന്നു.

എനിക്ക് മെച്ചപ്പെട്ട രൂപാന്തരമാണ് ഇവിടെ സംഭവിച്ചത്. ഇനിയും പഠിക്കാന്‍ ധാരാളമുണ്ട്. മൂന്ന് മലയാളം സിനിമകള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും, കേരളത്തിലിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ ഇരിക്കുന്ന സ്ഥിതിവിശേഷമായി. ഞാന്‍ മലയാളം പഠിക്കാന്‍ പരിശ്രമിച്ചു. ഇപ്പോള്‍ എനിക്ക് ഭാഷ നന്നായി അറിയാം. എന്റെ മുറിയന്‍ മലയാളം വച്ചുകൊണ്ട് ആരുമായും സംസാരിക്കാന്‍ എനിക്ക് കഴിയും. ഇവിടുത്തെ ആളുകള്‍ നല്ല ഊഷ്മളതയുള്ളവരാണ്. ലാളിത്യമുള്ളവരാണ്. അവര്‍ എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. 1983 എന്ന ചിത്രത്തിന് ശേഷം മഞ്ജുള ചേച്ചി എന്നും നിക്കി ചേച്ചി എന്നും വിളിച്ചുകൊണ്ട് ഇവിടെയുള്ളവര്‍ എന്നെ സ്വീകരിക്കുന്നത് ഞാന്‍ ഏറെയിഷ്ടപ്പെടുന്നു.

nikky

ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും നല്ല മലയാള സിനിമ?

ഈയടുത്തിടെ കണ്ട മികച്ച ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ബാംഗ്ലൂര്‍ നഗരത്തെ അടിസ്ഥാനമാക്കി, മൂന്ന് കസിനുകളുടെ ജീവിതം ആണ് ഈ ചിത്രത്തില്‍ പറയുന്നത്. എനിക്ക് ഈ ചിത്രവുമായി നന്നായി താദാത്മ്യപ്പെടാന്‍ കഴിഞ്ഞു.

നിങ്ങളുടെ ഇഷ്ട കേരളാവിഭവം?

ചോറും മീന്‍കറിയും

നിങ്ങളുടെ ഇഷ്ടവേഷം?

സാരി

വിഷുവിന് കേരളത്തില്‍?

ആദ്യമായി ഒരു വിഷു കേരളത്തില്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ആ സമയത്ത് ഞാന്‍ സ്വിറ്റ്‌സര്‍ലന്റില്‍ ഷൂട്ടിംഗിലായിരുന്നു. വിഷുക്കണിയെപ്പറ്റി മലയാളി കൂട്ടുകാരില്‍ നിന്നും ഒരു പാട് അറിഞ്ഞിരുന്നു. പ്രത്യേക വിഷുസദ്യയുണ്ണാന്‍ അവര്‍ ക്ഷണിച്ചിരുന്നു. പക്ഷെ ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തെ ഏറ്റുവാങ്ങുക വഴി എല്ലാ മലയാളികളും എനിക്ക് നല്ലൊരു വിഷുക്കണിയാണ് നല്‍കിയത്. മലയാളികള്‍ ഓരോരുത്തരും എന്റെ വിഷുവിനെ സ്‌പെഷ്യല്‍ ആക്കി മാറ്റി.

ഈ 23 വയസ്സില്‍ എന്താണ് ജീവിതം പഠിപ്പിച്ചത്?

സിനിമാ വ്യവസായത്തില്‍ ആയതിനാല്‍, ഞാന്‍ ഒരു കാര്യം പഠിച്ചു…നിങ്ങള്‍ ഒരിക്കലും പഠനം നിര്‍ത്തിക്കൂടാ. ഓരോ ദിവസവും നിങ്ങള്‍ക്ക് പുതിയൊരു പാഠമാണ് നല്‍കുക. ചെറിയ ഗ്രാമം മുതല്‍ വലിയ രാജ്യങ്ങള്‍ വരെ, നിങ്ങള്‍ ഓരോ നിമിഷവും വ്യത്യസ്തരായ മനുഷ്യരെയാണ് കണ്ടുമുട്ടുക. അവര്‍ നിങ്ങള്‍ വ്യത്യസ്തരായിരിക്കേണ്ടതിനെക്കുറിച്ച് പഠിപ്പിക്കുന്നു. എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഠിനാധ്വാനത്തിലും അതിമോഹത്തിലും പിന്നെ കര്‍മ്മങ്ങളില്‍ ബദ്ധശ്രദ്ധാലു ആയിരിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നു. എന്നെ ഇത്ര വേഗത്തില്‍ ഇതുവരെ എത്തിച്ചത് ഇതെല്ലാമാണ്. അതുകൊണ്ട് കഠിനമായി അധ്വാനിക്കുക, ചെയ്യാവുന്നതില്‍ ഏറ്റവും മികച്ചത് ചെയ്യുക…ബാക്കിയെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക. -ഇത്ര മാത്രമേ വേണ്ടൂ…

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.