സിനിമയുടെ പുതിയ മുഖം : ദീപ്തി സതി

സിനിമയുടെ പുതിയ മുഖം : ദീപ്തി സതി

Neena Movie Actress Deepti Sati Stills-Image-Photos-Malayalam Movie-2015-Onlookers Media

മലയാളിയുടെ സ്ഥിരം നായികാ സങ്കല്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിഗരറ്റ് വലിക്കുകയും പുരുഷന്മാരെപ്പോലെ മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രം… ബൈക്ക് റേസിംഗിനോട് ഭ്രാന്തമായ ആവേശമുള്ള തെമ്മാടിയായ പെണ്‍കുട്ടി… വ്യത്യസ്തരായ രണ്ട് നായികമാരുടെ കഥ പറയുന്ന ലാല്‍ ജോസിന്റെ ‘നീന’യിലെ പരുക്കന്‍ നായികയായ ദീപ്തി ആദ്യചിത്രത്തിലൂടെ തന്നെ കേരളത്തിന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞു…

മോഡലിംഗിലൂടെ ഗ്ലാമര്‍ ലോകത്തേക്ക് കടന്നു വന്ന മുംബൈ മലയാളിയായ ദീപ്തിയുടെ കയ്യില്‍ നീന വളരെ ഭദ്രമായിരുന്നു. സങ്കീര്‍ണ്ണമായ ഈ കഥാപാത്രത്തിന് ആത്മവിശ്വാസേത്താടെയാണ് മുന്‍ മിസ് കേരളയായിരുന്ന ദീപ്തി മിഴിവ് നല്‍കിയത്.

നീനയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ദീപ്തി സതി തന്റെ ഇഷ്ടങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു…
ദീപ്തി സതിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചാല്‍?

എന്റെ പേര് സൂചിപ്പിക്കും പോലെ ഞാന്‍ ദീപ്തമായ ( പ്രകാശം പരത്തുന്ന) വ്യക്തിയാണ്. തികച്ചും ലളിതവും പ്രതീക്ഷാനിര്‍ഭരവുമായ മനസ്സാണെനിക്ക്. എപ്പോഴും സന്തോഷമായിരിക്കാനും ചുറ്റുമുള്ളവരിലേക്ക് സന്തോഷം പകരാനും ഞാന്‍ ഇഷ്ടപ്പെടുന്നു..

നീനയെക്കുറിച്ച് ഒന്നു ചുരുക്കിപ്പറയാമോ?

മലയാള സിനിമാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് നീന. ശക്തരും അതേസമയം പരസ്പര വിരുദ്ധ സ്വഭാവക്കാരുമായ രണ്ട് സ്ത്രീകളുടെ സുന്ദരമായ കഥ പറയുന്ന ചിത്രം… തികച്ചും വൈകാരികമായ മുഹൂര്‍ത്തങ്ങളാണ് സിനിമയെ മനോഹരമാക്കുന്നത്.

നീനയില്‍ ലാല്‍ ജോസിനൊപ്പം ജോലി ചെയ്തതിനെക്കുറിച്ച്?

ലാല്‍ ജോസ് സാര്‍ വളരെയധികം പ്രോത്സാഹനം നല്‍കുന്നയാളും നന്നായി മനസ്സിലാക്കി പെരുമാറുന്ന വ്യക്തിയുമാണ്. അദ്ദേഹത്തില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. അത് എനിക്ക് ഏറെ സഹായകമായി. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെപ്പോലൊരു മാസ്റ്റര്‍ക്കൊപ്പം ജോലി ചെയ്തത് അതിശയിപ്പിക്കുന്ന അനുഭവമായിരുന്നു.

ലാല്‍ ജോസ് പറയുന്നത് ദീപ്തി സതി ബെസ്റ്റ് ആണെന്നാണ്..

അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ എനിക്ക് അങ്ങേയറ്റം നന്ദിയും അതിയായ സന്തോഷവുമുണ്ട്. കൂടെ ജോലി ചെയ്യുന്നവരുടെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുക്കുവാന്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ട്.

ലാല്‍ ജോസിനെ മികച്ച സംവിധായകന്‍ ആക്കുന്നതെന്താണ്?

കലയോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം സിനിമകള്‍ ചെയ്യുന്നത്. സിനിമയോട് വൈകാരികമായ അടുപ്പവും ആത്മാര്‍ത്ഥതയുമുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയും കഠിനാധ്വാനവും സമര്‍പ്പണവുമെല്ലാം, ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റവും മികച്ചതാക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നു.

ഷൂട്ടിംഗ് അനുഭവം എങ്ങിനെയായിരുന്നു?

തികച്ചും രസകരമായ നാളുകളായിരുന്നു അവ. എന്റെ സാധാരണ ജീവിതത്തില്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്ത ആ ദിനങ്ങള്‍ പൂര്‍ണ്ണമായും ഞാന്‍ ആസ്വദിച്ചു.

dip

നീന എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു?

വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വളരെ സങ്കീര്‍ണ്ണവും മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തവുമായിരുന്നു ആ കഥാപാത്രം. എന്റെ സ്വഭാവത്തില്‍ നിന്ന്് കടകവിരുദ്ധമായ ഒരു പാട് കാര്യങ്ങള്‍ ആ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യിച്ചു. നീനയുടെ ശരീര ചലനങ്ങള്‍ കിട്ടുക എന്നതും അത്യാവശ്യമായിരുന്നു. പക്ഷേ, ഈ വെല്ലുവിളികള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

വിജയ് ബാബുവിനോടും ആന്‍ അഗസ്റ്റിനോടും ഒപ്പം ജോലി ചെയ്ത അനുഭവം എങ്ങനെയായിരുന്നു?

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു. അവര്‍ രണ്ടുപേരും എന്നോട് അത്രയ്ക്ക് അടുത്തു പെരുമാറി. സഹ അഭിനേതാക്കളായി അവരെ ലഭിച്ചതില്‍ വളരെ സന്തോഷം.
ആരില്‍ നിന്നെങ്കിലും പ്രചോദനം നല്‍കുന്ന ഒരു ഉപദേശമോ വാചകമോ…നിങ്ങള്‍ക്ക് വഴികാട്ടിയാവുന്നതുപോലെ ഒന്ന്?

ഒന്നല്ല, ഒരു പാട് കിട്ടി. പക്ഷെ എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു കാര്യമാണ് ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നത്. നിങ്ങളുടെ 100% നല്കുക. ബാക്കി ദൈവത്തിന് വിട്ടുകൊടുക്കുക….അദ്ദേഹം ബാക്കി ഏറ്റെടുത്തുകൊള്ളുമെന്ന് വിശ്വസിക്കുക.

എങ്ങിനെയാണ് മോഡലിംഗിന് ശേഷം സിനിമ ഒരു ജീവിതമാര്‍ഗ്ഗമായി തെരഞ്ഞെടുത്തത്?

ഞാന്‍ സിനിമ വളരെയേറെ ഇഷ്ടപ്പെടുന്നു. മോഡലിംഗില്‍ ഉയരങ്ങള്‍ കീഴടക്കിയതോടെ മാറാന്‍ സമയമായി എന്ന് ഞാന്‍ കരുതി…അത് പോലെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു.

പ്രേക്ഷക എന്നനിലയില്‍ സിനിമകള്‍ കണ്ടിരുന്നപ്പോള്‍ ഒരു താരത്തെക്കുറിച്ച് എന്തായിരുന്നു മനസ്സില്‍? ഇപ്പോള്‍ സ്വയം ബിഗ്‌സ്‌ക്രീനില്‍ താരമായി കാണുമ്പോള്‍ എന്തുതോന്നുന്നു?

ഒരു നല്ല സിനിമയോ പ്രകടനമോ കാണുമ്പോള്‍ വിസ്മയം തോന്നാറുണ്ട്. ഞാന്‍ അവരുടെ സ്ഥാനത്താണെങ്കില്‍ എന്നൊക്കെ സ്വയം ചിന്തിക്കും. എന്നെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത് ഞാനാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരാളെപ്പോലെ തോന്നി. പക്ഷെ അമ്മയുടെ ചിരി കണ്ടപ്പോള്‍, അമ്മയുടെ കണ്ണുകളില്‍ അഭിമാനം കണ്ടപ്പോള്‍…ഈ ലോകം സ്വന്തമാക്കിയതുപോലെയാണ് തോന്നിയത്.

എന്താണ് താങ്കളുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്?

നീണ്ട മുടിയായിരുന്നു എന്റേത്. പക്ഷെ നീന ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മുടി മുറിക്കേണ്ടിവന്നു. ഇനി അങ്ങനെയൊന്ന് തിരഞ്ഞെടുക്കാന്‍ വളരെ വിഷമമാണ്….എനിക്ക് ചേരുന്ന ഒന്ന്, അതല്ലെങ്കില്‍ കാഴ്ചക്കും അനുഭവത്തിലും നല്ലതാക്കി നിര്‍ത്തുന്ന ഒന്ന്. അതായിരിക്കും വ്യക്തിപരമായ എന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്.

കുടുംബത്തെക്കുറിച്ച്?

എന്റെ അച്ഛന്‍ ഒരു വടക്കേ ഇന്ത്യക്കാരനാണ് (പഹാഡി), അമ്മ മലയാളിയും. അച്ഛന്‍ സിഎ ആയി ജോലി ചെയ്യുന്നു. അമ്മ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഞങ്ങള്‍ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

കേരളവുമായുള്ള ബന്ധം ?

അമ്മ കേരളത്തില്‍ നിന്നാണല്ലോ. അപ്പൂപ്പന്റെ വീടുണ്ട് ഇവിടെ. ബാല്യത്തില്‍ ഞാന്‍ ഇടക്കിടെ കേരളത്തില്‍ വരുമായിരുന്നു.

മിസ് നേവി ക്യൂന്‍ മുംബൈ 2013 ല്‍ കിരീടജേതാവായിരുന്നല്ലോ…അച്ഛന്‍ നേവല്‍ ഓഫീസറാണോ?

അച്ഛന്‍ അല്ല. എന്റെ അപ്പൂപ്പന്‍ ആര്‍മിയില്‍ ആയിരുന്നു.

Neena Movie Actress Deepti Sati Stills-Image-Photos-Malayalam Movie-2015-Onlookers Media
മനസ്സില്‍ ഏതെങ്കിലും സ്വപ്‌നകഥാപാത്രം സൂക്ഷിക്കുന്നുേണ്ടാ?

സ്വപ്‌നകഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ മനസ്സിലുണ്ട്.
എന്താണ് അടുത്ത പദ്ധതി?

പ്രതീക്ഷയോടെ നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു…
നീന…അല്ല..ദീപ്തി സതി മെല്ലെ പുഞ്ചിരിച്ചു.. അലസമായി മുടിയിഴകള്‍ മാടിയൊതുക്കുന്ന ഈ പെണ്‍കൊടി തന്നെയാണോ സ്‌ക്രീനില്‍ തെമ്മാടിയായി നിറഞ്ഞ് നിന്നതെന്ന് ആര്‍ക്കും സംശയം തോന്നും വിധം സൗമ്യമായ പുഞ്ചിരി…

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.