സുഗന്ധവ്യഞ്ജനങ്ങളുടെ രാജവീഥിയില്: ഡോ. വിജു ജേക്കബ്
ജീവകാരുണ്യവും മഹത്വവും
സിന്തൈറ്റില് ജീവനക്കാര്ക്ക് മാനേജ്മെന്റുമായി നേരിട്ട് സംവദിക്കാന് അവസരങ്ങള് നല്കുന്നുണ്ട്. ഈ സമ്പര്ക്കത്തിലൂടെ അവരുടെ പ്രശ്നങ്ങള്ക്ക് സുദൃഢമായ പരിഹാരവും ഉണ്ടാവുന്നു. വീട് പണിയാനും ചികിത്സാചെലവുകള്ക്കും പണം ആവശ്യമായവരെയും കമ്പനി സഹായിക്കുന്നു. സിവിജെ ഫൗണ്ടേഷന് കീഴിലാണ് ജീവകാരുണ്യപ്രവര്ത്തനങ്ങള് നടത്തുന്നത്. അര്ഹരായ രോഗികള്ക്ക് ഓരോ ആഴ്ചയും അഞ്ച് ലക്ഷം വീതം ഈ ഫൗണ്ടേഷന് നല്കുന്നു. ഈ സഹായം ജീവനക്കാര്ക്കും അവരുടെ ബന്ധുക്കള്ക്കും മാത്രമല്ല, കമ്പനിയ്ക്ക് പുറത്തുള്ള അര്ഹരായ ആളുകള്ക്കും നല്കാറുണ്ട്. നൂറുകണക്കിന് വിദ്യാര്ത്ഥികള്ക്ക് സൗജന്യവിദ്യാഭ്യാസ സഹായം ഫൗണ്ടേഷന് വഴി ലഭിക്കുന്നു. ഒരു പഞ്ചായത്തിലെ 7000 പേരെ ഇന്ഷ്വര് ചെയ്തുകൊണ്ട് ഫൗണ്ടേഷന് വേറിട്ട വഴിയിലൂടെ യാത്രചെയ്യുന്നു.
കുടുംബം ഒരു അനുഗ്രഹം
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിജയത്തിനും മുേന്നറ്റത്തിനും പിന്നില് പ്രവര്ത്തിക്കുന്ന പ്രാര്ത്ഥനാനിര്ഭരമായ ഒരു ഹൃദയമുണ്ട്. അതാണ് ഡോ.വിജു ജേക്കബിന്റെ ഭാര്യ മിനി വിജു. മിടുക്കികളായ രണ്ട് പെണ്മക്കള് വീട്ടില് സ്നേഹവും ആര്ദ്രതയും നിറയ്ക്കുന്നു. നീലം, നീതി എന്നിവരാണ് അവര്. ഇതില് നീലം വിവാഹിതയാണ്. ഒരു കുട്ടിയുണ്ട്- ടാഷ. നീതി ഫാഷന് ഡിസൈനിംഗില് തല്പരയാണ്. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ടെക്നോളജിയില് (നിഫ്റ്റ്) നിന്നും പഠനം പൂര്ത്തിയാക്കിയ ശേഷം ഇപ്പോള് സിന്തൈറ്റിന്റെ ഇന്നവേഷന് ഡിവിഷനില് ജോലി ചെയ്യുന്നു. ഒപ്പം സിവിജെ ക്രിയേറ്റീവ് സെന്ററിലും സജീവസാന്നിധ്യമാണ്.
ബിസിനസ് അഭിനിവേശം
ബിസിനസ് ഡോ. വിജു ജേക്കബിനെ സംബന്ധിച്ചിടത്തോളം ഒരു ആവേശവും അഭിനിവേശവുമാണ്. എത്ര നേരം വേണമെങ്കിലും ബിസിനസ്സിനെ കുറിച്ച് സംസാരിച്ചിരിക്കാന് മടിയില്ല. അദ്ദേഹത്തിന്റെ മറ്റൊരു ആവേശം കാറുകള് ആണ്.
പുതുതലമുറയോട് പറയാന്
ബിസിനസ് ആവേശം നിറഞ്ഞ ഈ കാലഘട്ടത്തില് പുതിയ തലമുറയ്ക്ക് നല്കാന് ചില പാഠങ്ങള് ഡോ. വിജു ജേക്കബ് കരുതിവച്ചിട്ടുണ്ട്. നിങ്ങളുടെ നേട്ടങ്ങളില് അഹങ്കരിക്കാതിരിക്കുക. ഇതാണ് പാഠങ്ങളില് പ്രധാനം. എന്തെങ്കിലും നേട്ടങ്ങള് കൈവരിച്ചാല് ദൈവത്തിന് നന്ദി പറയുക. നിങ്ങള് കടന്നുചെല്ലുന്ന എന്തിലും അഭിനിവേശം കാത്തുസൂക്ഷിക്കുക. തോല്വിയുടെ കവാടങ്ങളില് എല്ലാം ഉപേക്ഷിക്കാതിരിക്കുക. നിങ്ങള് എവിടെയെങ്കിലുമൊക്കെ പരാജയപ്പെട്ടില്ലെങ്കില് നിങ്ങളുടെ ജീവിതത്തിന് കാര്യമായ തകരാര് ഉണ്ടായിരിക്കും. എപ്പോഴും പഠിക്കാനുള്ള തുറന്ന മനസ്സ് കാത്തുസൂക്ഷിക്കുക. ആത്മവിശ്വാസം കളയരുത്. സ്വയം പ്രചോദിപ്പിക്കാന് പഠിക്കുക. സാധ്യമാവുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന് ശ്രമിക്കുക. ഉള്ളില് ഒളിച്ചുവെക്കുന്നതിന് പകരം, നിങ്ങളുടെ അറിവ് പങ്കുവെക്കുക.

