ഗാന്ധിയനായ പ്രകൃതി സ്‌നേഹി

ഗാന്ധിയനായ പ്രകൃതി സ്‌നേഹി

sreeസുന്ദരമായ സ്വപ്‌നങ്ങള്‍ കാണുന്ന ഹൃദയം ഉള്ളതുകൊണ്ടായിരിക്കാം ശ്രീമന്‍ നാരായണന്‍ എന്നും മുപ്പത്തടത്തുകാര്‍ക്ക് പ്രിയപ്പെട്ടവനായത്. രണ്ട് പതിറ്റാണ്ടോളമായി ആ ഗ്രാമത്തില്‍ ഭക്ഷണത്തിനൊപ്പം അക്ഷരവും വിളമ്പി അറിവിന്റെ നറുസുഗന്ധം പടര്‍ത്തിയ അദ്ദേഹം തന്റെ പ്രവൃത്തികളിലൂടെ തികച്ചും വ്യത്യസ്തനാവുകയാണ്. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിലെ അതിലും സാധാരണക്കാരനായ ഒരു മനുഷ്യന്റെ വ്യത്യസ്തമായ ജീവിതവഴികളിലൂടെയാണ് ഈ ലക്കം യുണീക് ടൈംസിന്റെ യാത്ര…

എഴുത്തുകാരന്‍, പ്രകൃതിസ്‌നേഹി, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഹോട്ടല്‍ മുതലാളി, ലോട്ടറി ഏജന്‍സി ഉടമ, സാമൂഹ്യപ്രവര്‍ത്തകന്‍… എന്നിങ്ങനെ ശ്രീമന്‍ നാരായണന്‍ അണിയുന്ന വേഷങ്ങള്‍ ഏറെയാണ്. മലയാളത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും പ്രകൃതിജീവനശാസ്ത്രത്തില്‍ ഡിപ്ലോമയുമുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പി.എന്‍ നാരായണപിള്ള എന്നായിരുന്നു. അദ്ദേഹത്തിന്റെ ‘എല്ലാം എനിക്കെന്റെ കണ്ണന്‍’ എന്ന ഭക്തിഗാന സിഡിയിലെ പാട്ട് പാടിയ ഭാവഗായകന്‍ ജയചന്ദ്രനാണ് ശ്രീമന്‍ നാരായണന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. അന്നുമുതല്‍ മുപ്പത്തടംകാരുടെ നാരായണേട്ടന്‍ ശ്രീമന്‍ നാരായണനായി മാറി.

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുപ്പത്തടം എന്ന ഗ്രാമത്തില്‍ ജ്ഞാനത്തിന്റെ വെളിച്ചം പകരുന്ന അദ്ദേഹം തന്റെ പുസ്തകങ്ങളിലൂടെ പ്രകൃതിയെയും പുഴയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ നമ്മോട് പങ്കുവെക്കുന്നു. ഓരോ നിമിഷവും മലിനമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയോടും ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുഴകളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ആധുനിക യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കണ്ണാടിത്തുണ്ടുകളാണ്. അതാവാം ശ്രീമന്‍ നാരായണന്റെ വരികളെത്തേടി മാര്‍പാപ്പയുടെ അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്ന എഴുത്തെത്തിയത്. എട്ട് എഡിഷനുകളിലധികം വിറ്റുപോയ ‘എന്റെ പുഴ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘മൈ റിവര്‍’ വായിച്ചതിനുശേഷമാണ് മാര്‍പാപ്പ ശ്രീമന്‍ നാരായണന് കത്തെഴുതിയത്. പ്രകൃതിക്കുവേണ്ടി എഴുതിയ എഴുത്തുകാരനെ തന്റെ പ്രാര്‍ത്ഥനകളില്‍ എന്നും സ്മരിക്കുമെന്നായിരുന്നു പരമപിതാവിന്റെ കത്തിന്റെ ഉള്ളടക്കം.

ഈ മനോഹരമായ നോവല്‍ തന്നെ പെരിയാറിന്റെ തീരത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് ശ്രീമന്‍ നാരായണന്റെ ഉറ്റ സുഹൃത്തായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ‘എന്റെ പുഴ’ വായിച്ച ശേഷം അഭിപ്രായപ്പെട്ടത്. ‘എന്റെ പുഴ’ എന്ന നോവല്‍ ഈ നാടിന്റെ കഥയാണ്. ‘ഇവിടെ പെരിയാറിന് വന്നിട്ടുള്ള മാറ്റങ്ങള്‍… കെമിക്കല്‍ കമ്പനികളുടെ മാലിന്യക്കൂമ്പാരം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പെരിയാറിന്റെ മലിനമായ അവസ്ഥയാണ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. വികസനത്തിലേക്ക് കുതിക്കുന്തോറും പരിസ്ഥിതിക്കുണ്ടായ ദൂഷ്യങ്ങളാണ് നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്’ ശ്രീമന്‍ നാരായണന്‍ പറയുന്നു. എടയാര്‍ മേഖല പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി കൂടിയായ അദ്ദേഹം ഓരോ നിമിഷവും ചിന്തിക്കുന്നതും എഴുതുന്നതുമെല്ലാം പ്രകൃതിയെക്കുറിച്ച് തന്നെയാണ്. മനുഷ്യന്റെ ചെയ്തികളില്‍ മനംനൊന്ത് തപിക്കുന്നതുകൊണ്ടാവണം പകലുകള്‍ ഇങ്ങനെ ചുട്ടുപൊള്ളുന്നതെന്നും അദ്ദേഹം നെടുവീര്‍പ്പിടുന്നു.
ആവി പറക്കുന്ന ചായക്കൊപ്പം അക്ഷരങ്ങള്‍ കൂടി വിളമ്പുന്ന ദ്വാരക ഹോട്ടലാണ് ശ്രീമന്‍ നാരായണന്റെ മറ്റൊരു സംരംഭം. പെരിയാര്‍ കെമിക്കല്‍സ് എന്ന ഫാക്ടറിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന തീരുമാനമാണ് അദ്ദേഹത്തെ ഹോട്ടല്‍ മേഖലയിലേക്കെത്തിച്ചത്. അവിടെയും വ്യത്യസ്തതയുടെ കൈയൊപ്പ് ചാര്‍ത്താന്‍ ശ്രീമന്‍ നാരായണന്‍ മറന്നില്ല. ശുദ്ധസസ്യഭോജനശാലയായ ഇവിടെ ഒരുക്കിയിരിക്കുന്ന ന്യൂസ് ഡസ്‌കില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 16 പത്രങ്ങളും ആനുകാലികങ്ങളുമാണ് വായനക്കാരെ കാത്തിരിക്കുന്നത്. ദിനംപ്രതി 1700 ഓളം പേരാണ് പത്രവായനയ്ക്കും റഫറന്‍സിനുമായി ഇവിടെ എത്തുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.