ട്രേഡിംഗ് രംഗത്തെ നാനാത്വത്തില്‍ ഏകത്വം; മില്യണ്‍ഡോട്ട്‌സ്

ട്രേഡിംഗ് രംഗത്തെ നാനാത്വത്തില്‍ ഏകത്വം; മില്യണ്‍ഡോട്ട്‌സ്

യുവതലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ഓഹരി വിപണി, ട്രേഡിംഗ് എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ആ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്ത ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാഫല്യമാണ് മില്യണ്‍ ഡോട്ട്സ്. മില്യണ്‍ ഡോട്ട്സിന്റെ സ്ഥാപകന്‍ ശ്രീ. കെന്‍സ് ഇ.സിയുമായി യൂണീക് ടൈംസ് സബ് എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം.

 

സ്റ്റോക്ക് ട്രേഡിംഗിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് അതൊരഭിനിവേശമാക്കി പുതിയ സംരംഭം തുടങ്ങിയതിനെക്കുറിച്ച്?
ഞാനും എന്റെ സഹപാഠിയായിരുന്ന മുസംമ്മിലും കൂടിയാണ് ഈ ബിസിനസ്സ് ആരംഭിക്കുന്നത്. പഠനകാലത്തുതന്നെ ഞങ്ങളൊരുമിച്ച് ധാരാളം ബിസിനസുകള്‍ ആരംഭിക്കുകയും അവയെല്ലാം ഒരു പരിധി വരെ പരാജയപ്പെടുകയും ചെയ്തു. കടലപോലെ കൊറിക്കാന്‍ പറ്റുന്നതുമുതല്‍ ചെരുപ്പ്, തുണി തുടങ്ങി അഡ്വര്‍ടൈസിംഗ് ഏജന്‍സി വരെ. അങ്ങനെ ചെറുതും വലുതുമായ പതിനഞ്ചോളം ബിസിനസ്സുകള്‍ ചെയ്തിട്ടുണ്ട്. ഇക്കാലത്താണ് സിനിമകളിലൂടെയും മറ്റ് ചില മാധ്യമങ്ങളിലൂടെയും സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന സംരംഭത്തെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കുന്നത്. സംരംഭം എന്നത് താല്പര്യമുള്ള വിഷയമായതിനാല്‍ ഞങ്ങള്‍ വളരെ ആകാംഷാഭരിതരായിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനും കൂടുതല്‍ പഠിക്കാനും സമയം കണ്ടെത്തി. അങ്ങനെ യാണ് ആദ്യമായി ട്രേഡിംഗ് അക്കൗണ്ട് തുറന്ന് ട്രേഡിംഗ് ആരംഭിച്ചു. തുടക്കത്തില്‍ ധാരാളം നഷ്ടങ്ങള്‍ ഉണ്ടായി. എന്നിരുന്നാലും ട്രേഡിംഗിനെക്കുറിച്ച് വീണ്ടും വിശദമായി പഠിക്കുകയും കലാലയത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ചെറിയ തോതില്‍ ട്രേഡേഴ്‌സാവുകയും ചെയ്തു. പിന്നീട് ക്ലാസില്‍ കയറുന്നതിനുമുന്‍പ് തന്നെ ട്രേഡ് ചെയ്തത് 100, 50 രൂപയൊക്കെ പ്രോഫിറ്റെടുത്തിരുന്നു. ട്രേഡിംഗ് ഒരു കരിയറാക്കി എടുക്കണം എന്ന ഉദ്ദേശത്തോടെയല്ല അന്നങ്ങനെ ചെയ്തതിരുന്നത്. പഠനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ടി. സി. എസ്സില്‍ ഉദ്യോഗസ്ഥരായി. കുറച്ചുകാലത്തിനുശേഷം ഞാന്‍ ടി. സി. എസ്സില്‍ നിന്ന് ജോലി രാജിവച്ച് കുറച്ച് വ്യക്തികളോടൊപ്പം ബിസിനസ് ആരംഭിച്ചു. ആ കൂട്ടു ബിസിനസ്സില്‍ ചില ബുദ്ധിമുട്ടുകളുണ്ടാവുകയും എനിക്ക് സ്വദേശമായ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് മാറി നില്‍ക്കേണ്ടതായും വന്നു. എന്തുചെയ്യണമെന്ന് അറിയാതെ തകര്‍ന്നുപോയ അവസ്ഥയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും അറിയില്ലായിരുന്നു. എറണാകുളത്ത് വന്ന ശേഷം ഞാന്‍ മുസംമ്മിലിനെയും അവിടേക്ക് വിളിച്ചുവരുത്തി. ട്രേഡിംഗ് എന്നൊരു സ്‌കില്‍ പഠിച്ചെടുത്തതല്ലാതെ മറ്റൊരുമാര്‍ഗ്ഗവും ഞങ്ങളുടെ മുന്നില്‍ ഇല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഭക്ഷണത്തിന് വകയുണ്ടാക്കാന്‍ വേണ്ടി അലയുന്ന ഒരു സാഹചര്യമായിരുന്നു. അങ്ങനെയാണ് ട്രേഡിംഗിനെ ഒരു ബിസ്‌നസ് ആയി കാണാനും വളരെ പ്രൊഫഷണലായി പഠിക്കാനും തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഇതേക്കുറിച്ച് സീരിയസായി പഠിക്കുകയും ഞങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. ഞങ്ങള്‍ക്ക് കുറച്ച് നേട്ടം ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഫാമിലിയും ഫ്രണ്ട്‌സുമൊക്കെ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ചെയ്യുന്നതെന്നുമൊക്കെ ചോദിച്ച് തുടങ്ങിയത്. ചിലര്‍ ചോദിച്ചിരുന്നത് ഞങ്ങള്‍ പതിനായിരമോ ഇരുപതിനായിരമോ തരാം അത് അന്‍പതോ അറുപതോ ആക്കി തിരികെത്തരാമോ എന്നൊക്കെയായിരുന്നു. അങ്ങനെ ഒറ്റയടിക്ക് ചെയ്യാന്‍ കഴിയില്ല എന്ന മറുപടിക്ക്, അവര്‍ക്ക് അതേക്കുറിച്ച് പഠിപ്പിച്ച് കൊടുക്കാമോ എന്നായി മറുചോദ്യം. അങ്ങനെയാണ് ട്രേഡിംഗിന്റെ ശരിയായ കാതല്‍ ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കാമെന്ന ആശയം ഉടലെടുക്കുകയും ഈ ആശയത്തെ ഒരു ബിസിനസാക്കി മാറ്റാം എന്ന ഐഡിയ ഉണ്ടാവുകയും ചെയ്യുന്നത്. ഈ ആശയത്തിലൂടെയാണ് മില്യണ്‍ ഡോട്ട്‌സ് എന്ന ഞങ്ങളുടെ കമ്പനി പിറവിയെടുക്കുന്നത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ രജിസ്റ്റേര്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടാണ് മില്യണ്‍ഡോട്ട്‌സ്.
എളുപ്പവഴിയില്‍ ധനസമ്പാദനമാര്‍ഗ്ഗമാണോ സ്റ്റോക്ക് ഇന്‍വെസ്റ്റ്മെന്റ്?
ലോകത്തിലെ ഓഹരി വിപണികളുമായി (യു. എസ് മായിട്ടൊക്കെ) ഇന്ത്യയെ താരതമ്യം ചെയ്യുമ്പോള്‍, അവരുടെ പങ്കാളിത്തം ഇന്ത്യയില്‍ വെറും നാല് ശതമാനത്തില്‍ താഴെയാണ്. പൊതുവേ ആളുകള്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ലായെന്നുള്ളതാണ്, പ്രത്യേകിച്ച് സൗത്ത് ഇന്ത്യയില്‍. കേരളത്തില്‍ സാമ്പത്തികസാക്ഷരത വളരെ കുറവാണ്. അതുകൊണ്ട് തന്നെ പണം ഇരട്ടിയാക്കുന്ന സംഭവമാണ് ട്രേഡിംഗ് എന്നും ഇതൊരു ചൂതാട്ടം പോലെയുള്ളതാണെന്നുമുള്ള ഒരു പൊതുവായ ധാരണയാണ് നിലനിന്നിരുന്നത്. എന്നാല്‍ ട്രേഡിംഗ് ഇന്‍വെസ്റ്റ് ശരിക്കും ഗ്യാംബ്ലിംഗ് അല്ലെന്നും പൈസ ഇരട്ടിയാക്കാന്‍ വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും, ഇതിന് അതിന്റേതായ സാങ്കേതികാടിസ്ഥാനവശങ്ങള്‍ ഉണ്ടെന്നും, അത് മനസ്സിലാക്കി പഠിച്ച് ചെയ്യുകയാണെങ്കില്‍ അതൊരു ബിസിനസാണെന്നും അതല്ലെങ്കില്‍ ഇതൊരു ഗ്യാംബ്ലിംഗോ ഭാഗ്യപരീക്ഷണമോ ആണെന്ന് ജനങ്ങളെ മനസിലാക്കിക്കുക എന്നുള്ളതാണ് മില്യണ്‍ഡോട്ട്‌സിനെ പ്രധാന ലക്ഷ്യം. ഒരിക്കലും പണം ഇരട്ടിയാക്കാനുപയോഗിക്കുന്ന ഒന്നല്ല ട്രേഡിംഗ്. ഇതിന്റെ തുടക്കത്തില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഞാനൊരു പതിനായിരം തന്നാല്‍ അത് ഇരട്ടിയാക്കിതരുമോ എന്ന്. കൂടുതലും മലയാളികള്‍ക്കാണ് ഇത്തരം ആവശ്യം. അതുകൊണ്ടുതന്നെ അവരെ ഇത് പറഞ്ഞ് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്ത് ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും മലയാളികള്‍ക്ക് ഇത് വളരെ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുകയെന്നുള്ളത് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട വിഷയമായിരുന്നു. ഞങ്ങളുടെ പ്രയത്നം ഫലവത്താകുകയും അതവര്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം ബിസിനസ്സുകള്‍ വിജയിപ്പിക്കാന്‍ നോര്‍ത്ത് ഇന്ത്യയായിരുന്നു അഭികാമ്യം. മലയാളികളെ ഫോക്കസ് ചെയ്ത് ഒരു സാമ്പത്തികസാക്ഷരത വികസിപ്പെച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. അതുപോലെ ഒരുപാട് ഫോക്കസ് കൊടുത്താണ് മലയാളി ട്രേഡേഴ്‌സിനെ ഉണ്ടാക്കിയെടുത്തത്.

Million Dots Uniquetimes
Million Dots

എന്താണ് സ്റ്റോക്ക് ട്രേഡിംഗ് വിശദമാക്കാമോ?
സ്റ്റോക്ക് എന്നുപറയുന്നത് ജനങ്ങളില്‍ നിന്നുമുള്ള ധനസമാഹരണത്തിനായി ഒരു കമ്പനി അതിന്റെ ഓഹരി ജനങ്ങള്‍ക്ക് വില്‍ക്കുകയെന്നുള്ളതാണ്. ചെറിയ സ്റ്റോക്കുകളാക്കിയിട്ടാണ് ഇത് കൊടുക്കുന്നത്. ഇവ ജനങ്ങള്‍ക്ക് ഒരുസ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി (ഇന്ത്യയില്‍ മെയിന്‍ ആയിട്ടുള്ളത് എന്‍. എസ്. ഇ, ബി എസ് ഇ) വഴി വാങ്ങുവാനും വില്‍ക്കുവാനും സാധിക്കും. ഒരു കമ്പനിയുടെ ഓഹരി എന്റെ കൈവശമുണ്ടെങ്കില്‍ ഭാഗീകമായി ആ കമ്പനിയുടെ ഉടമസ്ഥാവകാശം എനിക്കും അവകാശപ്പെട്ടതാണ്. അതിന്റെ എല്ലാ ആനുകൂല്യങ്ങളും എനിക്ക് കിട്ടും. ഓഹരി വാങ്ങിയാലുള്ള ലാഭം എന്തെന്നാല്‍ കമ്പനിയുടെ മൊത്തം ലാഭത്തിന്റെ ചെറിയൊരു ഭാഗം എനിക്ക് അര്‍ഹതപ്പെട്ടതാണ്. അടിസ്ഥാനപരമായി സ്റ്റോക്ക് ട്രേഡിംഗില്‍ സ്റ്റോക്കുകളുടെ വില ഓരോ സെക്കന്‍ഡിലും മാറിക്കൊണ്ടിരിക്കും. വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന ആളുകളുടെ സൂഷ്മമായ ട്രേഡിംഗ് കാരണമാണ് ഇതിങ്ങനെ മാറിക്കൊണ്ടിരിക്കുന്നത്. മാറുന്ന മാര്‍ക്കറ്റില്‍ നിന്നും ചെറിയ വിലയ്ക്ക് സ്റ്റോക്ക് വാങ്ങുകയും കൂടിയ വിലയ്ക്ക് സ്റ്റോക്ക് വില്‍ക്കുകയും ചെയ്യാമെന്നതാണ് മില്യണ്‍ ഡോട്ട്‌സ് പഠിപ്പിക്കുന്ന സ്റ്റോക്ക് ട്രേഡിംഗ് പാഠം.
സാധാരണക്കാര്‍ക്ക് തീരെ പരിചിതമല്ലാതിരുന്ന സ്റ്റോക്ക് ട്രേഡിംഗിനെ ജനകീയമാക്കാന്‍ എന്തൊക്കെ പരിപാടികളാണ് നിങ്ങള്‍ ആസൂത്രണം ചെയ്തത്?
മലയാളികള്‍ക്ക് സ്റ്റോക്ക് ട്രേഡിംഗ് എന്നതിനെ സ്വമേധയാ മനസ്സിലാക്കി വിശദമായി പഠിക്കുന്ന രീതിയിലേക്കാക്കി മാറ്റുന്നത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. കാരണം ആ സമയത്ത് ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആയിരം പതിനായിരമാക്കി തരുമോയെന്നും പതിനായിരം ഇട്ടാല്‍ മാസം എന്ത് കിട്ടുമെന്നുമുള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. ഇതൊരു ബിസിനസാണെന്നും ഇതിന് സാങ്കേതിക വശങ്ങള്‍ ഉണ്ടെന്നും അത് പ്രൊഫഷണല്‍ ബിസിനസ്സാക്കി നടത്താമെന്നതും അവരെ മനസ്സിലാക്കിക്കുക എന്നതായിരുന്നു ഞങ്ങള്‍ നേരിട്ട വലിയ വെല്ലുവിളി. അതൊരു ചലഞ്ചായി ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിനെക്കുറിച്ചറിയാനായി ഇങ്ങോട്ട് വരുന്ന കോളുകള്‍ക്ക് വളരെ പ്രധാന്യം കൊടുത്ത്, ഒരു കൗണ്‍സിലിംഗ് പോലെ ഓരോരുത്തരോടും ഒത്തിരി സമയം ചിലവഴിച്ചുകൊണ്ട് കാര്യങ്ങള്‍ ഓരോന്നോരോന്നായി മനസിലാക്കിക്കൊടുക്കുകയെന്നതായിരുന്നു ആദ്യം ചെയ്തിരുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനങ്ങള്‍ക്ക് സുപരിചിതമല്ലാതിരുന്ന സമയത്ത്, എല്ലാ ആഴ്ചകളുടെയും അവസാനദിവസം താല്‍പര്യമുള്ളവര്‍ക്ക് ഞങ്ങളുടെ ഓഫീസില്‍ വന്ന് സൗജന്യമായി ക്ലാസ്സുകളില്‍ പങ്കെടുക്കാമായിരുന്നു. ട്രേഡിംഗിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അത് ചെയ്യുന്നതെങ്ങനെയാണെന്നുള്ളതുമൊക്കെ പഠിപ്പിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. പോസ്റ്റ് കോവിഡ് കാലഘട്ടം ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നുതന്നെയാണ്. ആറ് മാസത്തെ ലോക്ഡൗണിന് ശേഷം റഗുലറായി രണ്ട് മൂന്ന് വര്‍ക്ക്‌ഷോപ്പുകള്‍ കേരളത്തിന് പുറത്തുള്ളവര്‍ക്കും മലയാളികള്‍ക്കും സൗജന്യമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റോക്ക് എന്താണ്, എങ്ങനെയാണിതിന്റെ പ്രവര്‍ത്തനരീതി, എങ്ങനെയിതൊക്കെ മാനേജ് ചെയ്യാമെന്നുള്ളതും ട്രേഡിംഗിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍ മാറ്റാമെന്നുള്ളതും ആളുകള്‍ക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിലായിരുന്നു ആ സെക്ഷന്‍സ് സംഘടിപ്പിച്ചിരുന്നത്. ഈ ഒരു സെക്ഷനില്‍ പങ്കെടുക്കാനായി അന്‍പതിനായിരത്തിലധികം മലയാളികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സാധിക്കുന്ന രീതിയില്‍ വെബിനാറുകള്‍ സൗജന്യമായി സംഘടിപ്പിക്കുന്നുണ്ട്. അതുപോലെ സ്റ്റോക്ക്മാര്‍ക്കറ്റിന്റെ വിവിധ രീതികള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന ചെറിയ വീഡിയോകള്‍ സ്ഥിരമായി സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. അതുവഴി സ്റ്റോക്ക് ട്രേഡിംഗ് സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന ഒരു മേഖലയാണെന്ന് അവരെ മനസിലാക്കികൊടുക്കാനും കഴിയുന്നുണ്ട്.
നിങ്ങളുടെ സ്വപ്നസാഷാത്കാരമായ സംരംഭത്തിലേക്ക് കടന്നുവന്നപ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടിവന്നത്?
ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി താഴേത്തട്ടിലുള്ളവരെ മുന്നോട്ട് കൊണ്ടുവരുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കുകയെന്നുള്ള വലിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ബിസിനസ്സ് ആരംഭിക്കുന്നത്. സംരംഭം തുടങ്ങിയപ്പോഴുള്ള അതേ തീയ് ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. കോവിഡ് മഹാമാരിയാണ് നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി. കോവിഡിന് മുന്‍പ് ഓണ്‍ലൈന്‍ ക്ലാസിനെ സംശയത്തോടെ നോക്കിയിരുന്നവര്‍ക്ക് അത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുന്നതും ട്രേഡിംഗ് എന്താണെന്ന് പഠിപ്പിച്ച് കൊടുക്കുന്നതും അതിന്റെ സാങ്കേതികവശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയെന്നതും ഒരു വെല്ലുവിളിയായിരുന്നു. കോവിഡിന് ശേഷം ജനങ്ങള്‍ക്ക് സാമ്പത്തികബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍ ബിസിനസ്സിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതും ആ സമയത്ത് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം കൊടുക്കുക എന്നതും ഒക്കെ വെല്ലുവിളികളായിരുന്നു. അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനകീയമായപ്പോള്‍, ഞങ്ങളുടെ ക്ലാസുകള്‍ സാമ്പത്തികവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ജനങ്ങള്‍ ട്രേഡിംഗിനെ സമീപിക്കുമ്പോഴുള്ള ഭയം ഒഴിവാക്കുക എന്നുള്ളതും ഒരു വെല്ലുവിളിയായിരുന്നു. ഇവയൊക്കെ തരണം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കൃത്യമായും, ലളിതമായും, അഭികാമ്യമായ സമീപനത്തോടുകൂടി പ്രവര്‍ത്തിക്കുകയെന്നതാണ് ഉദ്ദേശ്യം. അതിനായി സാമൂഹികമാധ്യമങ്ങളിലൂടെ ട്രേഡിംഗിന്റെ വിവിധവശങ്ങള്‍ ചെറിയ വീഡിയോകളായി ജനങ്ങളില്‍ എത്തിച്ചുകൊടുക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒന്നിലധികം വ്യക്തികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച ഈ സംരംഭത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മാജിക് എന്താണെന്ന് വിശദമാക്കാമോ?
ഞങ്ങള്‍ മില്യണ്‍ഡോട്ട്‌സ് എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവിധ സഹായവും ചെയ്യുന്നതിനായി ഞങ്ങളുടെ സഹപാഠികള്‍ ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ മില്യണ്‍ഡോട്ട്‌സിന്റെ ഭാഗമാകുകയായിരുന്നു. ഇന്ന് 40പേരുള്ള ടീമാണ് മില്യണ്‍ ഡോട്ട്‌സിന്റെ നട്ടെല്ല്. ഇതില്‍ 9 പേരാണ് ബോര്‍ഡ് മെമ്പേഴ്‌സായിട്ടുള്ളത്. മുസമ്മില്‍, മഹേഷ് വി.എം, അര്‍ജുന്‍ കെ. രാഘവ്, വൈശാഖ് വി.പി, ഷെരീക് എന്‍, വിഘ്നേഷ് പി, വിഷ്ണു എം, അര്‍ജുന്‍ ശങ്കര്‍ ഇവരാണ് മറ്റ് എട്ട് പേര്‍. ഇവര്‍ക്കോരോരുത്തര്‍ക്കും അവരവരുടെ തസ്തികയുണ്ടെങ്കിലും ഒരു ടീം ആയിട്ടാണ് മില്യണ്‍ ഡോട്ടസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. തീര്‍ച്ചയായും ഓരോ വിഷയത്തിലും ഒന്‍പത് അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. ഓരോരുത്തരെയും ഏല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അത് വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പൂര്‍ണ്ണ ഉത്തവാദിത്വം ഉണ്ട്. പിന്നീട് എല്ലാ വിഷയങ്ങളിലും കൈക്കൊണ്ട തീരുമാനങ്ങള്‍ ഒരു ദിവസം ചര്‍ച്ചയ്ക്ക് വയ്ക്കുകയും അതിന്മേല്‍ കൂട്ടായ തീരുമാനങ്ങളെടുക്കുകയും ചെയ്യും. കാരണം ഞങ്ങള്‍ക്ക് അത്രയും വിശ്വാസമുള്ള ആളുകളാണ് ബോര്‍ഡ് മെമ്പേഴ്‌സായിട്ടുള്ളത്. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്‍പത് പേരും ഐക്യത്തോടെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ രീതിയെന്നത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതാണ്. ഓരോ വ്യക്തികളില്‍ നിന്നുമുള്ള തീരുമാനങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചര്‍ച്ചകള്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
2022 – 2023 ലെ ബജ്ജറ്റ് സ്റ്റോക്ക് മാര്‍ക്കറ്റിന്റെ വിജയത്തിന് എത്രത്തോളം സ്വാധീനം ചെലുത്തുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ബജ്ജറ്റിന്റെ പ്രവര്‍ത്തനവര്‍ഷം കഴിയുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്? അതെന്തുകൊണ്ട്?
ഇത്തവണത്തെ ബജറ്റ് തീര്‍ച്ചയായിട്ടും പ്രധാനപ്പെട്ട വശങ്ങള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ടുള്ളത് തന്നെയായിരുന്നു. ഈ വാര്‍ഷികബജറ്റിന്റെ പ്രവര്‍ത്തനവര്‍ഷം കഴിയുമ്പോള്‍ ഓഹരികള്‍ എങ്ങനെ മുന്നോട്ട് പോകും എന്നുള്ളതിനേക്കാളുപരി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം ക്രിപ്‌റ്റോ കറന്‍സി എന്ന ആധുനിക ഡിജിറ്റല്‍ മണിയുടെ കീഴില്‍ വരുന്ന കാര്യങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാരണം മില്യണ്‍ ഡോട്ട്‌സില്‍ സ്റ്റോക്ക്, ട്രേഡിംഗ്, ക്രിപ്‌റ്റോകറന്‍സി, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നിവയെക്കുറിച്ചെല്ലാം പഠിപ്പിക്കുന്നുണ്ട്. ഈ ബജറ്റില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പ്രവര്‍ത്തനങ്ങളെയാണ് ഏറ്റവും പ്രധാനമായി കാണുന്നത്. പൊതുവെ ക്രിപ്‌റ്റോ കറന്‍സിയുടെ വിഷയത്തില്‍ എല്ലാവരും നെഗറ്റീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സിയുടെ വിനിമയത്തിന്‍മേല്‍ 30% നികുതിയാണ് ഈ ബജറ്റില്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സിയുടെ നികുതികള്‍ അടുത്ത വര്‍ഷത്തേക്ക് സെറ്റ് ഓഫ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഓഹരികളില്‍ നഷ്ടം വരുത്തിയാല്‍ അടുത്ത വര്‍ഷം സെറ്റ് ഓഫ് ചെയ്യാന്‍ സാധിക്കും. ക്രിപ്‌റ്റോ കറന്‍സിയുടെ നഷ്ടങ്ങള്‍ അതിന്റെ ലാഭമായിട്ട് മാത്രമേ സെറ്റോഫ് ചെയ്യാന്‍ കഴിയുകയുള്ളു. ഈ ബജ്ജറ്റില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ക്രിപ്‌റ്റോകറന്‍സിയുടെ വിനിമയത്തില്‍ നിരവധി കടിഞ്ഞാണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ നിശ്ചിതതുകയുടെ വിനിമയത്തിന് ടി.ഡി.എസ് ഒരു ശതമാനമെന്ന നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്രിപ്റ്റോ കറന്‍സിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഈ പുതിയ ടെക്‌നോളജിയെ ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചചെയ്യുകയും അതിന്‍മേല്‍ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു എന്നതാണ് ഏറ്റവും വലിയ കാര്യം. ക്രിപ്റ്റോ കറന്‍സിയെക്കുറിച്ച് അറിയാത്ത രാജ്യങ്ങള്‍ വരെയുണ്ടെന്നിരിക്കെ ഇന്ത്യയില്‍ അതേക്കുറിച്ച് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നുള്ളതുതന്നെ പ്രതീക്ഷാര്‍ഹമാണ്. ഈ ബജ്ജറ്റിലെ ഡിജിറ്റല്‍ റുപ്പി പ്രഖ്യാപനം ഇന്ത്യയുടെ ക്രിപ്‌റ്റോകറന്‍സി മേഖലയിലേക്കുള്ള ചവിട്ടുപടിയാണ്. ഇത്തരം ഒരു ടെക്‌നോളജി ഇന്ത്യ എന്ന വികസ്വരരാജ്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് വലിയൊരു നേട്ടമാണ്. കാരണം ഈ ബജ്ജറ്റില്‍ ഏറ്റവും കൂടുതല്‍ നോക്കിക്കാണുന്ന വിഷയം ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി സിസ്റ്റം തന്നെയാണെന്നതില്‍ സംശയമില്ല.
ബിറ്റ് കോയിന്‍ പോലുള്ള ഡിജിറ്റല്‍ മണി നമ്മുടെ സാമ്പത്തികമേഖലയെ എങ്ങനെ സ്വാധീനിക്കുന്നു? അത് ഓഹരി വിപണിയെ ബാധിക്കുന്നുണ്ടോ?
ക്രിപ്‌റ്റോകറന്‍സി, എന്‍. എഫ്. ടി തുടങ്ങിയവ സ്റ്റോക്കിനെ ബാധിക്കുന്നുണ്ടോയെന്നു ചോദിച്ചാല്‍ ഒരു പരിധി വരെ ഇല്ല എന്നുതന്നെയാണ് ഈ സാചര്യത്തില്‍ എന്റെ മറുപടി. ഇവയൊക്കെ വെബ്ബ് ത്രീയില്‍ വരുന്ന കാര്യങ്ങളാണ്. പക്ഷേ ഈ ക്രിപ്‌റ്റോ കറന്‍സി, ബ്ലോക്ചെയിന്‍ ടെക്‌നോളജി, എന്‍. എഫ്. ടി എന്നിവയൊക്കെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ആളുകളെ ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സിയേയും ബ്ലോക്ചെയിന്‍ ടെക്‌നോളജിയേയുംകുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മില്യണ്‍ ഡോട്ട്‌സ് ഇതിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Million Dots Uniquetimes
Million Dots

രാജ്യങ്ങളുടെ കറന്‍സികള്‍ ബാങ്കുകള്‍, ബാങ്കേതരസര്‍വ്വീസുകള്‍ വഴി വിനിമയം നടത്തുമ്പോള്‍ വിനിമയനിരക്കുകളിലും കമ്മിഷന്‍ വ്യവസ്ഥയിലും ചിലവാകുന്ന തുകയേക്കാള്‍ വളരെകുറവായിരിക്കും ഡിജിറ്റല്‍ മണി വിനിമയത്തില്‍. കൂടാതെ അധ്വാനവും കുറഞ്ഞിരിക്കും. ഇടപാടുകളിലെ സുതാര്യതയും ഡിജിറ്റല്‍ മണി വിനിമയത്തിലെ നേട്ടങ്ങളിലൊന്നാണ്. ഈ കാലഘട്ടത്തില്‍ ഒട്ടനവധി സര്‍വ്വീസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിട്ടുണ്ട്. കത്തുകള്‍ ഇമെയിലുകളായി മാറി, ടാക്‌സി ബുക്കിങ് യൂബറിലേക്ക് മാറി, സാധാരണ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ ആമസോണ്‍ പോലുള്ള ഇ-ടൈലേഴ്സ് സംവിധാനങ്ങളിലേക്കും മാറി. കറന്‍സിയിലെ (പണം) മാറ്റങ്ങള്‍ മാത്രം നമ്മള്‍ ഉള്‍ക്കൊള്ളുന്നില്ല. ഈ മനോഭാവത്തിന് സംഭവിക്കേണ്ടുന്ന മാറ്റമാണ് ബ്ലോക്‌ചെയിന്‍ ബേസ്ഡായിട്ടുളള ക്രിപ്‌റ്റോകറന്‍സികള്‍. ഈ കറന്‍സികള്‍ തീര്‍ച്ചയായും ഫ്യൂച്വര്‍ കറന്‍സികളാണ്. ഭാവിയില്‍ നമ്മള്‍ കാണാന്‍ പോകുന്നതും കൈകാര്യം ചെയ്യാന്‍ പോകുന്നതും ഇവതന്നെയായിരിക്കും. അത് ഗവണ്‍മെന്റ് അംഗീകരിക്കുകയും അതുമായി ബന്ധപ്പെട്ട് നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുമാണ്. ‘Once invented cannot be uninvented’ എന്നാണല്ലോ പഴമൊഴി. ഇത് കണ്ടുപിടിച്ചുകഴിഞ്ഞു. ഇതില്‍ ഒരുപാട് മെച്ചങ്ങള്‍ ഉണ്ട്. ഇതിനുനേരെ കണ്ണടച്ചിട്ട് കാര്യമില്ല. ഇവ മുഖ്യധാരയിലേക്കെത്തുന്ന കാലം വിദൂരമല്ല. അത് സ്റ്റോക്ക്മാര്‍ക്കറ്റിനെ ഒരു പരിധിവരെ ബാധിക്കുന്നില്ല. പക്ഷേ ഒരു ഇന്‍വെസ്റ്റ്‌മെന്റായിത്തന്നെവാങ്ങാനും ഹോള്‍ഡ് ചെയ്യാനും പറ്റുന്ന കറന്‍സികളാണ് ബിറ്റ്കോയിന്‍ ഇഥേറിയം എന്നൊക്കെ പറയുന്ന ക്രിപ്‌റ്റോ കറന്‍സികള്‍.
പുതുതലമുറയുടെ പ്രതിനിധികള്‍ എന്നുള്ള നിലയ്ക്ക് സാമ്പത്തികമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിന് എന്തൊക്കെ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്?
വളരെ ലളിതമായി പറയുകയാണെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഫിനാന്‍ഷ്യല്‍ എജ്യുക്കേഷന്‍ എന്ന വിഷയം പഠിപ്പിക്കുന്നതിനോടൊപ്പം പരിശീലിപ്പിക്കുകയും ചെയ്യണം. നമ്മള്‍ ഇന്ന് കാണുന്ന സ്റ്റോക്ക്, സ്റ്റോക്ക് മാര്‍ക്കറ്റ്, ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് ഇവയൊക്കെ ഒരു സാമ്പത്തികപരിധിക്കുള്ളില്‍ വരുന്ന ആളുകള്‍ മാത്രം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒന്നല്ല. എന്റെ വീക്ഷണത്തില്‍, ഒരു കുട്ടി തന്റെ അടിസ്ഥാനവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജീവിതമാര്‍ഗ്ഗം തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് വിഷയങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത് സ്വന്തം ഇഷ്ടപ്രകാരമാണോ അത് ചെയ്യുന്നതെന്നും രണ്ടാമതായി അതിലൂടെ പണമുണ്ടാക്കാന്‍ സാധിക്കുമോ എന്നുള്ളതുമാണ്. 90 ശതമാനം ആളുകളും ജീവിക്കാന്‍ ആവശ്യമായ പണം സമ്പാദിക്കുന്നതിനായിട്ടാണ് പഠിക്കുന്നതും ജോലിക്ക് ചേരുന്നതും. വിദ്യാഭ്യാസത്തിന്റെ നല്ലൊരു പങ്കും പണം നേടാനുള്ള പഠനത്തിനായി ചെലവഴിക്കുമ്പോള്‍, നേടുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിനോ അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാനോ ഉള്ള പഠനങ്ങളോ പരിശീലനങ്ങളോ നടത്തുന്നില്ല. ഈ കാലഘട്ടത്തില്‍ സാമ്പത്തിക വിദ്യാഭ്യാസം വളരെ പ്രധാനമാണ്. പണത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് സ്‌കൂള്‍ തലങ്ങളില്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് ഫണ്ട് വന്നു കഴിഞ്ഞാല്‍ അത് നമ്മുടെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലായിട്ടുള്ള കമ്പനികളുടെ നിക്ഷേപം കൂടുകയും ശക്തമായി അവര്‍ക്ക് രാജ്യത്തിന്റെ പുരോഗതിക്കായി കൂടുതല്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. അതിലൂടെ ഇന്ത്യയെ ഒരു മികച്ച ഇക്കോണമിക് രാജ്യമായി മാറ്റാന്‍ കാലതാമസമുണ്ടാകില്ല?

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.